KSDLIVENEWS

Real news for everyone

രാഹുല്‍ ത്രിപാഠിയും മായങ്ക് മാര്‍ക്കാണ്ഡേയും തിളങ്ങി; പഞ്ചാബിനെ തകര്‍ത്ത് ആദ്യ ജയവുമായി ഹൈദരാബാദ്

SHARE THIS ON

ഹൈദരാബാദ്: ഐപിഎല്‍ 16-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മാറികടന്നു. അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കിയത്. 48 പന്തുകള്‍ നേരിട്ട രാഹുല്‍ മൂന്ന് സിക്‌സും 10 ഫോറുമടക്കം 74 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം 21 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 37 റണ്‍സോടെ പുറത്താകാതെ നിന്ന് രാഹുലിന് ഉറച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. ഹാരി ബ്രൂക്ക്‌സ് (13), മായങ്ക് അഗര്‍വാള്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 143 റണ്‍സ് മാത്രം. ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 66 പന്തുകള്‍ നേരിട്ട ധവാന്‍ അഞ്ച് സിക്‌സും 12 ഫോറുമടക്കം 99 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 15 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത സാം കറന്‍ മാത്രമാണ് ധവാന് ശേഷം പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന താരം. നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മായങ്ക് മാര്‍ക്കാണ്ഡേയാണ് പഞ്ചാബിനെ തകര്‍ത്തത്. മാര്‍ക്കോ യാന്‍സനും ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രഭ്‌സിമ്രാന്‍ (0), മാത്യു ഷോട്ട് (1), ജിതേഷ് ശര്‍മ (4), സിക്കന്ദര്‍ റാസ (5), ഷാരൂഖ് ഖാന്‍ (4) എന്നിവരെല്ലാം പരാജയമായി.

Content Highlights: ipl 2023 Sunrisers Hyderabad beat Punjab Kings at Hyderabad”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!