അപ്രതീക്ഷിത നീക്കവുമായി വിരാട് കോലി; ഇംഗ്ലണ്ട് പര്യടനത്തിനു മുൻപേ വിരമിക്കാനുള്ള ആഗ്രഹം ബിസിസിഐയെ അറിയിച്ചു, അനുനയിപ്പിക്കാൻ ശ്രമം

ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, അപ്രതീക്ഷിത വിരമിക്കൽ നീക്കവുമായി സൂപ്പർ താരം വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിനു മുൻപേ ടെസ്റ്റിൽനിന്ന് വിരമിക്കാനുള്ള താൽപര്യം അറിയിച്ച് കോലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ സമീപിച്ചതായാണ് റിപ്പോർട്ട്. അതേസമയം, കോലിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം.
ജൂൺ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ, അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ അവിടെ കളിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം ആസന്നമായിരിക്കെ, നായകൻ രോഹിത് ശർമ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, അതിലും അപ്രതീക്ഷിത നീക്കത്തിലൂടെ ടെസ്റ്റ് കരിയറിന് വിരാമം ഇടാനുള്ള തീരുമാനം വിരാട് കോലി ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് പുതിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പരമ്പരയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തോടെ തുടക്കമാകാനിരിക്കെയാണ്, രോഹിത്തിനു പിന്നാലെ കോലിയും വിരമിക്കൽ തീരുമാനം അറിയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ ഇരുവരും ഒരുമിച്ചാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയ്ക്കായി ഇതുവരെ 123 ടെസ്റ്റുകൾ കളിച്ചിട്ടുള്ള കോലി, 30 സെഞ്ചറികൾ ഉൾപ്പെടെ 9230 റൺസാണ് നേടിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ നടന്ന ഓസ്ട്രേലിയൻ പര്യനടത്തിൽ വിരാട് കോലിയുടെ സാങ്കേതിക മികവിനെ ചോദ്യചിഹ്‌നമാക്കുന്ന തരത്തിലുള്ള വിക്കറ്റുകൾ വൻ ചർച്ചയായിരുന്നു. പരമ്പരയിൽ ഒരു സെഞ്ചറി നേടിയെങ്കിലും, കോലിയുടെ ഫോമിനെക്കുറിച്ചും ചോദ്യങ്ങളുയരുകയും ചെയ്തു.