KSDLIVENEWS

Real news for everyone

ഗ്രൂപ്പ് 22-നെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; ഗുലാം നബിക്ക് രാജ്യസഭാ സീറ്റ് നല്‍കിയേക്കും

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസിൽ സമഗ്രമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ഗ്രൂപ്പ് 22-നെ അനുനയിപ്പിക്കാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഗുലാം നബി ആസാദിന് രാജ്യസഭാ സീറ്റ് നൽകാനാണ് ആലോചന.

ആസാദിനെ തമിഴ്നാട്ടിൽനിന്ന് സഭയിലെത്തിക്കാനാണ് നീക്കം. ഉത്തർ പ്രദേശിലെ പ്രമുഖ നേതാവ് ജിതിൻ പ്രസാദ് ഇന്നലെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രൂപ്പ് 22 നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാൻഡ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ഇരുപത്തിമൂന്നോളം നേതാക്കൾ കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയത്. ഇതിൽ ഒരാളായിരുന്നു ജിതിൻ പ്രസാദ്. എ.ഐ.സി.സിയിൽ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ടായിരുന്നു ഇവർ കത്തെഴുതിയത്. ഗുലാം നബി ആസാദായിരുന്നു ഈ സംഘത്തിന്റെ നേതൃസ്ഥാനത്ത്. ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഹൈക്കമാൻഡ് നടത്തുന്നത്.

ഈയടുത്ത് കോൺഗ്രസിന് രാജ്യസഭയിൽ ഒഴിവു വരുന്നത് രണ്ട് സീറ്റാണ്. ഇതിലൊന്ന് തമിഴ്നാട്ടിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമാണ്. കോവിഡ് ബാധയെ തുടർന്ന് മഹാരാഷ്ട്രയിൽനിന്നുള്ള രാജീവ് സതാവ് അന്തരിച്ച ഒഴിവാണുള്ളത്. ആസാദിനെ തമിഴ്നാട്ടിൽനിന്ന് രാജ്യസഭയിൽ എത്തിക്കുമ്പോൾ മഹാരാഷ്ട്രയിലെ സീറ്റിൽ ആരെ നിർത്തുമെന്ന കാര്യത്തിൽ അവ്യക്തതകളുണ്ട്. ഗ്രൂപ്പ് 22-ലെ അംഗമായ മുകുൾ വാസ്നിക്കിനെ മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലെത്തിച്ചേക്കുമെന്നാണ് സൂചന.

അതേസമയം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വിശ്വസ്തരായ ചില നേതാക്കൾക്കു വേണ്ടിയും ഇപ്പോൾ ചരടുവലികൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ ഉയർന്ന ഒരു പേര് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലയുടേതാണ്. അദ്ദേഹത്തെ മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലെത്തിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്.

ഇതിനിടെ മിലിന്ദ് ദേവ് ര കഴിഞ്ഞ ദിവസം വിമതസ്വരവുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്ത് ബി.ജെ.പി. സർക്കാരിനെ അഭിനന്ദിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സീറ്റിനു വേണ്ടി മിലിന്ദിനെ പരിഗണിക്കണമെന്നും ചിലർ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദിനെ തമിഴ്നാട്ടിൽനിന്ന് രാജ്യസഭയിൽ എത്തിക്കുന്നപക്ഷം ഗ്രൂപ്പ് 22 നേതാക്കളെ പാർട്ടിക്കൊപ്പം നിർത്താനാവുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!