KSDLIVENEWS

Real news for everyone

ധോണിയുടെ പിൻഗാമിയായി സഞ്ജു ഇനി ചെന്നൈയുടെ തലൈവർ?; സമൂഹമാധ്യമങ്ങളിൽ തരംഗമായി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

SHARE THIS ON

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുന്നോ? സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള സഞ്ജുവിന്റെ ‘വരവാണ്’. സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് താരം ചെന്നൈയിലേക്കാണെന്ന വ്യാഖ്യാനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ സീസണോടെ കളി നിർത്താൻ സാധ്യതയുള്ള മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈയിലെത്തുമെന്നാണ് പ്രചാരണം.

ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു നൽകിയ രണ്ടു വാക്കുകളാണ് എല്ലാ പ്രചാരണങ്ങൾക്കും പിന്നിൽ. ഇരുവരും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്നതു പോലുള്ള ചിത്രമാണ് ഇത്. ചിത്രത്തിനൊപ്പം ‘ടൈം ടു മൂവ്’ എന്ന് കുറിച്ചതോടെയാണ് താരം ചെന്നൈയിലേക്ക് വരുന്നുവെന്ന പ്രചാരണം ആരംഭിച്ചത്.

റോഡിലെ മഞ്ഞലൈൻ മുറിച്ചുകടക്കുന്ന ചിത്രത്തിന് ‘ടൈം ടു മൂവ്’ എന്ന് ക്യാപ്ഷൻ നൽകിയത് ചെന്നൈയിലേക്കുള്ള വരവിന്റെ വ്യക്തമായ സൂചനയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിത്രത്തിന്റെ പിന്നണിയിൽ ‘ഏഴാം അറിവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേർത്തതും ചെന്നൈയിലേക്കുള്ള വരവിന്റെ സൂചനയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സഞ്ജു രാജസ്ഥാൻ വിടുമെന്നോ ചെന്നൈ സൂപ്പർ കിങ്സിൽ ചേരുമെന്നോ മറ്റ് സൂചനകളൊന്നുമില്ല. ഇത്തവണ പരുക്കിന്റെ പിടിയിലായതിനെ തുടർന്ന് സഞ്ജുവിന് എല്ലാ മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. സഞ്ജുവിന്റെ അഭാവത്തിൽ യുവതാരം റിയാൻ പരാഗാണ് ഏതാനും മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചത്. സീസണിൽ പ്രകടനം തീർത്തും മോശമായതോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്.

താരങ്ങൾ ഫോം കണ്ടെത്താൻ വിഷമിച്ചതോടെ ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിനും ഇത് മറക്കാൻ ആഗ്രഹിക്കുന്ന സീസണായിരുന്നു. തുടക്കത്തിൽ ഋതുരാജ് ഗെയ്‌ക്‌വാദ് ആയിരുന്നു ക്യാപ്റ്റനെങ്കിലും താരം പരുക്കേറ്റ് പുറത്തായതോടെ ധോണി തന്നെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. യാതൊരു തന്ത്രവും ഫലിക്കാതെ പോയ സീസണിൽ ഒടുവിൽ ചെന്നൈ 10–ാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!