ഡെല്‍റ്റ പ്ലസും വ്യാപിക്കുന്നു; ത്രിപുരയില്‍ 90 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡൽഹി: ത്രിപുരയിൽ 90 ഡെൽറ്റ പ്ലസ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. സാമ്പിളുകളുടെ ജീനോം സീക്വൻസിങ് വഴിയാണ് ഇവ കണ്ടെത്തിയതെന്നും ഉയർന്ന രോഗ്യവ്യാപന ശേഷിയുള്ള ഈ വകഭേദം സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിലെ സർക്കാർ ലബോറട്ടറിയിലേക്ക് അയച്ച 151 സാമ്പിളുകളിൽ 90 എണ്ണത്തിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചയാണ് അധികൃതർ അറിയിച്ചത്. പശ്ചിമ ബംഗാളിൽ ജീനോം സീക്വൻസിങിനായി 151 സാമ്പിളുകൾ ത്രിപുര അയച്ചിരുന്നുവെന്ന് ത്രിപുരയിലെ കോവിഡ് -19 നോഡൽ ഓഫീസർ ഡോ. ദീപ് ദബർമ്മ പറഞ്ഞു. ഇതിൽ 90 സാമ്പിളുകളും ഡെൽറ്റ പ്ലസ് വേരിയന്റുകളാണെന്ന് കണ്ടെത്തി. ഇത് ആശങ്കാജനകമാണെന്നും ഡോ. ദീപ് ദബർമ്മ പറഞ്ഞു. ചില സാമ്പിളുകളിൽ ആൽഫ, ഡെൽറ്റ വകഭേദങ്ങളും സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 174 ജില്ലകളിൽ കൊറോണ വൈറസിന്റെ ആശങ്കയുണർത്തുന്ന വകഭേദം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്.