KSDLIVENEWS

Real news for everyone

ആദ്യ കോപ്പയ്ക്കായി നെയ്മറും മെസ്സിയും

SHARE THIS ON

റിയോ: കോപ്പ കിരീടം ഇതുവരെ സ്വന്തമാക്കാൻ അർജന്റീന നായകൻ ലയണൽ മെസ്സിക്കോ ബ്രസീൽ സൂപ്പർതാരം നെയ്മർക്കോ സാധിച്ചിട്ടില്ല. ഇത്തവണ ഫൈനലിൽ ഇരുടീമുകളും മുഖാമുഖം വന്നതോടെ സൂപ്പർതാരങ്ങളിലൊരാളുടെ കിരീടമോഹം പൂവണിയും. അന്താരാഷ്ട്ര തലത്തിൽ മെസ്സിക്ക് ഇതുവരെ കിരീടനേട്ടങ്ങളില്ല. 2007, 2015, 2016 വർഷങ്ങളിൽ മെസ്സി കോപ്പ ഫൈനലിൽ കളിച്ചെങ്കിലും ഫൈനലിൽ അർജന്റീന തോറ്റുപോയി. 2014 ലോകകപ്പ് ഫൈനലിൽ ജർമനിയോടും അർജന്റീന കീഴടങ്ങി. ഇത്തവണ മെസ്സിക്ക് കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാനുള്ള സുവർണാവസരമാണ്. ഒരുഗോൾകൂടി നേടിയാൽ ഫുട്ബോൾ ഇതിഹാസം പെലെയ്ക്കൊപ്പമെത്താനും മെസ്സിക്കാവും. കരിയറിൽ പെലെയ്ക്ക് 77 ഗോളും മെസ്സിക്ക് 76 ഗോളുമാണുള്ളത്. നിലവിൽ നാല് ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോറർ കൂടിയാണ് മെസ്സി. കഴിഞ്ഞവർഷം ബ്രസീൽ കോപ്പയിൽ കിരീടം തിരിച്ചുപിടിച്ചപ്പോൾ നെയ്മർ ടീമിലുണ്ടായിരുന്നില്ല. പരിക്ക് കാരണം സൂപ്പർതാരം ടീമിന് പുറത്തായിരുന്നു. നെയ്മറുടെ കരിയറിൽ അന്താരാഷ്ട്ര കിരീടമായി 2013-ലെ കോൺഫെഡറേഷൻ കപ്പ് വിജയവുമുണ്ട്. 110 കളിയിൽ നിന്ന് ബ്രസീലിനായി 68 ഗോളുകളും താരം നേടിയിട്ടുണ്ട്. അവസാന അഞ്ച് പോരാട്ടങ്ങൾ 1995 ബ്രസീൽ [2] അർജന്റീന [2] (ഷൂട്ടൗട്ട് 2-4) ക്വാർട്ടർഫൈനലിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് 2-2 ന് തുല്യതയായതോടെ ഷൂട്ടൗട്ടിൽ വിജയം അർജന്റീനയ്ക്കൊപ്പം നിന്നു. 1999 ബ്രസീൽ [2] അർജന്റീന [1] ബ്രസീലും അർജന്റീനയും ക്വാർട്ടർഫൈനലിൽ മുഖാമുഖം. റൊണാൾഡോയും റിവാൾഡോയും ബ്രസീലിനായും പാബ്ലോ സോറിൻ അർജന്റീനയ്ക്കായും സ്കോർ ചെയ്തു 2004 ബ്രസീൽ [2] അർജന്റീന [2] (ഷൂട്ടൗട്ട് 4-2) ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ ഷൂട്ടൗട്ടിൽ കീഴടക്കി ബ്രസീൽ കപ്പുയർത്തി. നിശ്ചിത സമയത്ത് 2-2 ന് തുല്യതയായി. 2007 ബ്രസീൽ [3] അർജന്റീന [0] വീണ്ടുമൊരു കിരീടപോരാട്ടം. ജൂലിയോ ബാപ്റ്റിസ്റ്റ, ഡാനി ആൽവ്സ് എന്നിവർ ബ്രസീലിനായി ഗോൾ നേടി. അർജന്റീനയുടെ റോബർട്ടോ അയാളയുടെ സെൽഫ് ഗോൾ കൂടിയായപ്പോൾ ബ്രസീലിന് മികച്ച ജയം 2019 ബ്രസീൽ [2] അർജന്റീന [0] കഴിഞ്ഞതവണ സെമിയിലാണ് ഇരുടീമുകളും എറ്റുമുട്ടിയത്. ഗബ്രിയേൽ ജെസ്യൂസ്, റോബർട്ടോ ഫിർമിനോ എന്നിവർ ബ്രസീലിനായി ഗോൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!