ഗസ്സയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു

ഗസ്സ: ഖാൻ യൂനസിന് സമീപം അഭയാർഥികള്‍ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 29 പേർ കൊല്ലപ്പെട്ടു.
അബസാൻ ടൗണില്‍ സ്കൂളിന് പുറത്ത് അഭയാർഥികള്‍ താമസിക്കുന്ന ടെന്റുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് അക്രമത്തില്‍ 29 പേർ കൊല്ലപ്പെട്ടുവെന്ന് അറിയിച്ചത്.
ഇത് നാലാം തവണയാണ് അഭയാർഥികള്‍ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. നാല് ദിവസത്തിനിടെയാണ് നാല് ആക്രമണങ്ങളും ഇസ്രായേല്‍ നടത്തിയത്. നേരത്തെ ഖാൻ യൂനിസിലുള്ള ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പതിനായിരക്കണക്കിനാളുകളെ പലായനത്തിന് നിർബന്ധിതമാക്കിയിരുന്നു. ഖാൻ യൂനിസിലെ മൂന്ന് ആശുപത്രികളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.
അതിനിടെ ഗസ്സ ജനതക്കുമേല്‍ ഇസ്രായേല്‍ പട്ടിണി അടിച്ചേല്‍പ്പിക്കുകയാണെന്ന വിമർശനവുമായി യു.എൻ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. പോഷകാഹാര കുറവും ഡി-ഹൈഡ്രേഷനും മൂലം നിരവധി കുട്ടികളാണ് ഓരോ ദിവസവും ഗസ്സയില്‍ മരിച്ചു വീഴുന്നതെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഗസ്സയില്‍ വെടിനിർത്തലിനുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്. ഖത്തറിന്റേയും ഈജിപ്തിന്റേയും മധ്യസ്ഥതയിലാണ് ചർച്ച. ഇതിന്റെ ഭാഗമായുള്ള യോഗങ്ങള്‍ ഇന്നും ഈജിപ്ത്തില്‍ നടക്കും. ഇതുവരെ 38,243 പേരാണ് ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 88,243 പേർക്കാണ് ഇതുവരെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റത്.

