ബേക്കല്‍ ബീച്ചില്‍ വെച്ച് കല്യാണംകഴിക്കാം; 1.5കോടി ചെലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം വരുന്നു
വിനോദസഞ്ചാരവകുപ്പിന്റെ നിയന്ത്രണത്തില്‍ ബേക്കല്‍ ബീച്ചില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം വരുന്നു. ബീച്ചിനോട് ചേര്‍ന്ന് സര്‍ക്കാര്‍ഭൂമിയിലാണ് കേന്ദ്രമൊരുക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനായി 1.2 കോടി രൂപയും മറ്റ് സൗകര്യങ്ങളൊരുക്കാന്‍ 30 ലക്ഷം രൂപയും അനുവദിച്ചു.
കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയ ബേക്കല്‍ കോട്ടയും മനോഹരമായ ബീച്ചും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളും ഇവിടെയുണ്ട്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വിവാഹാഘോഷങ്ങള്‍ നടക്കാറുണ്ടെങ്കിലും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വിനോദസഞ്ചാരവകുപ്പിന്റെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ പദവിയും ബേക്കലിന് സ്വന്തമാകും.
ബീച്ചിന്റെ മനോഹാരിതയാസ്വദിച്ച് വിവാഹച്ചടങ്ങുകള്‍ നടത്താനുള്ള സംവിധാനമാകും ബേക്കലില്‍ ഒരുക്കുക. സദ്യവട്ടങ്ങള്‍ക്കും അതിഥികള്‍ക്ക് വിശ്രമിക്കാനുമുള്ള സൗകര്യവുമുണ്ടാകും. വിവാഹച്ചടങ്ങുകള്‍ക്കുള്ള തുറന്ന വേദിയാകും ഇവിടെ ഒരുക്കുകയെന്ന് കാസര്‍കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു. അതിടത്തെ പ്രത്യേകതകള്‍ ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാകും രൂപകല്പന.
സംസ്ഥാനത്ത് വിനോദസഞ്ചാരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരം ശംഖുമുഖത്താണ് തുടങ്ങിയത്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്
വീടുകളിലോ ആരാധനാലയങ്ങളിലോ ഓഡിറ്റോറിയങ്ങളിലോ നടന്നിരുന്ന വിവാഹങ്ങള്‍ ഏതെങ്കിലും പ്രധാന വിനോദസഞ്ചാരകേന്ദ്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തില്‍ നടത്തുന്നതാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്. ഒന്നോ രണ്ടോ ദിവസം മുതല്‍ ഏതാനും ദിവസം വരെ ഇത് നീളാം. ബേക്കല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രമാകുന്നത് വിനോദസഞ്ചാരത്തിനും ഊര്‍ജം പകരും.