KSDLIVENEWS

Real news for everyone

മലബാറിൽ ജമാഅത്തെ ഇസ്ലാമിയും SDPIയും യുഡിഎഫിനൊപ്പം നിന്നു; 2.8 % വോട്ട് കുറഞ്ഞിട്ടും അവർ ജയിച്ചു’

SHARE THIS ON

കോഴിക്കോട്: മലബാറിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുടെ വനിതാ പ്രവർത്തകർ ജനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യേണ്ടതാണെന്ന് അവർ വ്യക്തമാക്കിയതായും എം.വി ഗോവിന്ദൻ പറഞ്ഞു.


‘എങ്ങിനെയാണ് കോഴിക്കോട്, കണ്ണൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമായത്?. കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളില്‍ 2.8 ശതമാനം ആളുകള്‍ ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്തിട്ടില്ല. ഇടതുപക്ഷത്തിന്റെ കണക്ക് നോക്കുമ്പോള്‍ അത് 1.75 ശതമാനം കുറവാണ്. എന്നിട്ടെങ്ങനെയാണ് യു.ഡി.എഫിന് ഇത്ര ഭൂരിപക്ഷം ലഭിച്ചത്’, എം.വി ഗോവിന്ദൻ ചോദിച്ചു.

‘മലബാറില്‍ പ്രബലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങളുണ്ട്. ജമാഅത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടെയുള്ളവർ. അതിൽ ജമാഅത്തെ ഇസ്ലാമിലെ ഒരു വിഭാ​ഗം, പ്രത്യേകിച്ച് സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ജനങ്ങൾക്കിടയിൽ ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ളവരാണ്. അവർ എവിടേയും കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചില്ല. അവർ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കൃത്യമായ അവതരണം നടത്തി. എന്തെങ്കിലും സാധ്യത ബി.ജെ.പിയെ ഒഴിവാക്കാൻ കോൺ​ഗ്രസിന് വോട്ട് ചെയ്യുന്നതാണെന്ന് അവതരിപ്പിച്ചു.

ഒരുഭാഗത്ത് ഭൂരിപക്ഷവര്‍ഗീയത, ഹിന്ദുത്വ അജണ്ട. മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയവാദികള്‍. ലോകം തന്നെ ഇസ്ലാമിക ലോകം വേണമെന്ന നിലപാടുള്ളവര്‍. അവര്‍ വളരെ ഫലപ്രദമായി മുസ്ലിം ഏകീകരണം സംഭവിക്കുന്ന വർ​ഗീയവത്ക്കരണത്തിന് വേണ്ടി കഴിയുന്ന രീതിയിൽ അവർ പ്രവർത്തിച്ചു. ലീ​ഗിനേയും കോൺ​ഗ്രസിനേയും ചേർത്ത് അവർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടു’, അദ്ദേഹം പറഞ്ഞു.

ഇത് ദൂരവ്യാപകമായി ഫലമുളവാക്കുന്ന ഒന്നാണ്. മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ത്ത് ഈ വര്‍ഗീയ ശക്തികളെല്ലാം ചേര്‍ന്ന് യു.ഡി.എഫിനൊപ്പം നിന്നു. മതനിരപേക്ഷത നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സാധാരണ മുസ്ലിങ്ങൾ ഉൾപ്പെടെ നാളെ ഇതിന്റെ ഭാഗമായി രൂപപ്പെട്ട് വരുന്ന ഒരു ആശയ തലത്തിൽ നിന്നും ദൂരവ്യാപകമായ ഫലമുളവാക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. മുസ്ലിം ലീഗ് ചെയ്യുന്നത് ഈ വര്‍ഗീയ ശക്തികളെ ഏകോപിപ്പിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായാണ് 2.8 ശതമാനം വോട്ടുകുറഞ്ഞിട്ടും യു.ഡി.എഫ് ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!