ഇസ്രായേല്‍ വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ഫ്രാൻസെസ്ക അൽബനീസിന് മേൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ഇസ്രായേലിന്റെ വംശഹത്യക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസിന് മേൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക.യു.എസ്, ഇസ്രായേലി ഉദ്യോഗസ്ഥർ, കമ്പനികൾ, എന്നിവക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്ന ശ്രമങ്ങൾ മുൻ നിർത്തിയാണ് ഉപരോധമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ അൽബനീസിന്റെ രാഷ്ട്രീയ, സാമ്പത്തിക യുദ്ധ പ്രചാരണം ഇനി അനുവദിക്കില്ലെന്നും സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തിനൊപ്പമാണ് അമേരിക്കയെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു. ജൂൺ ആദ്യം ട്രംപ് ഭരണകൂടം ഫ്രാൻസെസ്ക അൽബനീസിനെ പുറത്താക്കാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണം അവസാനിപ്പിക്കാൻ ഉപരോധം ഏർപ്പെടുത്തണമെന്ന് അൽബനീസ് അടുത്തിടെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേൽ നേതാക്കൾക്കെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ യുദ്ധക്കുറ്റ കുറ്റപത്രങ്ങളെയും ഫ്രാൻസെസ്ക പിന്തുണച്ചിട്ടുണ്ട്. 2024 മാര്‍ച്ച് 26-ന് യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഗസ്സയിലെ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ വംശഹത്യയായി കണക്കാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആയുധ വ്യാപാരം നിര്‍ത്തണമെന്നും ലോക രാഷ്ട്രങ്ങളോട് ഫ്രാൻസെസ്ക ആഹ്വാനം ചെയ്തു.
ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം വ്യാപകമായ നടപടികൾ സ്വീകരിച്ച സാഹചര്യത്തിലാണ് ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ആദ്യം യുഎസ് സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളെയും ഫാക്കൽറ്റികളെയും അധികൃതർ അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു.