മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായ ഇന്ത്യക്കാരുടെ മോചനത്തിന് ഇടപെടണം: വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി കെ.സി വേണുഗോപാൽ എം.പി

തിരുവനന്തപുരം: അഞ്ച് മലയാളികൾ ഉൾപ്പെടെ മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലകപ്പെട്ട 44 ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കേന്ദ്രസർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർക്ക് കത്തുനൽകി. തുടർന്ന് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ഇവരുടെ ദുരിതം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
മ്യാൻമറിലെ ഡോങ്‌മെയ് പാർക്കിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ അപകടകരമായ അവസ്ഥയിലുള്ള ഇവരുടെ ജീവിത സാഹചര്യത്തെ കുറിച്ച് ബന്ധുക്കൾ കടുത്ത ആശങ്കയാണ്. മനുഷ്യക്കടത്ത് സംഘത്തിന്റെ കയ്യിൽ അകപ്പെട്ട കാസർകോട് പടന്ന സ്വദേശിയായ മഷൂദ് അലിയെന്ന വ്യക്തി 10 ദിവസം മുമ്പ് ഇതുസംബന്ധിച്ച പരാതി ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.
ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് ആളെ റിക്രൂട്ട് ചെയ്യുന്ന തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് മഷൂദ് അലി പറഞ്ഞു. വിദേശത്തേക്ക് പോകാൻ താത്പര്യമുള്ളവരെ കണ്ടെത്തി അവരിലൂടെ മറ്റുള്ളവരെയും റിക്രൂട്ട് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പാക്കിങ് സെക്ഷനിലേക്ക് ജോലിയെന്ന് തെറ്റിധരിപ്പിച്ചാണ് ആളുകളെ വിദേശത്ത് കടത്തികൊണ്ടുപോകുന്നത്. മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇവരിൽ പലരിൽ നിന്നും തട്ടിപ്പുസംഘം വങ്ങിയിട്ടുണ്ട്. രണ്ടുമാസത്തെ വിസയും ടിക്കറ്റും എടുത്തുനൽകി ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചശേഷം ബാങ്കോക്കിൽ കുറച്ച് നാൾ ജോലി ചെയ്ത് പ്രവർത്തന മികവ് പ്രകടിപ്പിക്കുമ്പോൾ അവിടെ നിന്നും യുകെയിലേക്ക് ജോലി മാറ്റിനൽകുമെന്നാണ് തട്ടിപ്പുസംഘം ഇവരെ ധരിപ്പിക്കുന്നത്. അത് വിശ്വസിച്ച് തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ട ഇവരെ മ്യാൻമാറിലേക്ക് മാറ്റുകയാണ്.
തട്ടിപ്പ് സംഘത്തെ എതിർക്കാനോ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നവർക്ക് ക്രൂര മർദനമാണ്. ഫോൺ, പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും മറ്റുവസ്തുക്കളും തട്ടിപ്പ് സംഘം ഇരകളായവരിൽ നിന്ന് കൈക്കലാക്കും. ഇതുകാരണം അവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. മഷൂദ് അലിയെപ്പോലെ തട്ടിപ്പിനിരയായി മ്യാൻമാറിലെത്തിയ കൊല്ലം സ്വദേശി ജിഷ്ണുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ല. മഷൂദ് അലി്ക്കൊപ്പം മുറി പങ്കിട്ട വ്യക്തിയാണ് ജിഷ്ണു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യവുമായി ബന്ധപ്പെട്ട് ജിഷ്ണു തട്ടിപ്പ് സംഘവുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നെന്നും അതിന് ശേഷമാണ് ജിഷ്ണുവിനെ കാണാതായതെന്നും മഷൂദ് അലി വ്യക്തമാക്കുന്നു.അതീവ ഗുരുതമായ അവസ്ഥയിലൂടെയാണ് തട്ടിപ്പിനിരയായ ഇന്ത്യക്കാർ കടന്ന് പോകുന്നത്. എത്രയും വേഗം സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടൽ ഉണ്ടായില്ലെങ്കിൽ അവരുടെ ജീവന് തന്നെ ആപത്താണെന്നും കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെ ഭാഗത്ത് നിന്നും നടപടിയെടുക്കുന്നതിൽ ഉണ്ടാകുന്ന കാലവിളബം കാര്യങ്ങൾ കൂടുതൽ വഷളാക്കും. അതുകൊണ്ട് തന്നെ മ്യാൻമറിൽ നിന്നും ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.