2024 പ്രതിപക്ഷ ഐക്യം; കപില്‍ സിബലിന്റെ അത്താഴ വിരുന്നില്‍ അപ്രതീക്ഷിത അതിഥികള്‍

ന്യൂഡൽഹി: ഡൽഹിയുടെ ഹൃദയഭാഗത്തുള്ള എട്ട്-തീൻ മൂർത്തി ലൈൻ ഒരിടവേളക്ക് ശേഷം വീണ്ടും ഉണർന്നു. സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത് താമസിച്ചിരുന്ന ഇവിടുത്തെ വീട് ഒരുകാലത്ത് മൂന്നാം മുന്നണി രൂപീകരണത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. തിങ്കളാഴ്ച രാത്രി കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ക്ഷണപ്രകാരം ബിജെപി ഇതര പാർട്ടി നേതാക്കൾ ഇങ്ങോട്ടേക്കെത്തി. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ കൂട്ടായ്മയിൽ ചില അപ്രതീക്ഷിത മുഖങ്ങളുമുണ്ടായിരുന്നു. തന്റെ ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് സിബൽ നേതാക്കളെ ക്ഷണിച്ചതെങ്കിലും യോഗത്തിന് ഒറ്റ അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും കൈകോർക്കേണ്ടതുണ്ടെന്നതായിരുന്നു ആ അജണ്ട. എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാൻ കല്യാൺ ചാറ്റർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, ആർഎൽഡി നേതാവ് ജയന്ത് ചൗധരി, ഡിഎംകെ നേതാവ് തൃച്ചി ശിവ, ബി.ജെ.ഡി നേതാവ് പിനാകി മിശ്ര, ശിവ്സേനാ നേതാവ് സഞ്ജയ് റാവത്ത്, അകാലിദൾ നേതാവ് നരേഷ് ഗുജ്റാൾ, തെലുങ്കുദേശം പാർട്ടിയുടേയും വൈഎസ്ആർകോൺഗ്രസ് പാർട്ടിയുടേയും പ്രതിനിധികളും കപിൽ സിബലിന്റെ അത്താഴ വിരുന്നിൽ പങ്കെടുത്തു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാതിരുന്ന എ.എ.പി, ബിജെഡി, വൈ.എസ്.ആർ കോൺഗ്രസ്. ശിരോമണി അകാലിദൾ പാർട്ടി പ്രതിനിധികളും തിങ്കളാഴ്ചത്തെ പ്രതിപക്ഷ കൂട്ടായ്മയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. അത്താഴ വിരുന്നിൽ പങ്കെടുക്കാതിരുന്ന ബിജെപി ഇതര പ്രധാന പാർട്ടി മായാവതിയുടെ ബിഎസ്പി മാത്രമാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം കോൺഗ്രസിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ ഗ്രൂപ്പിലെ ഒട്ടുമിക്ക അംഗങ്ങളും കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പങ്കെടുത്തു എന്നതാണ്. കപിൽ സിബൽ, ഗുലാം നബി ആസാദ്, ഭൂപീന്ദർ സിങ് ഹൂഡ, ശശി തരൂർ, മനീഷ് തിവാരി, പൃഥിരാജ് സിങ് ചൗഹാൻ, ആനന്ദ് ശർമ തുടങ്ങിയ നേതാക്കളാണ് ഗ്രൂപ്പ്-23 യിലുള്ളത്. ഈ നേതാക്കളെല്ലാം അത്താഴ വിരുന്നിനെത്തി. ഈ ഗ്രൂപ്പിൽ അംഗമല്ലാത്ത രണ്ട് കോൺഗ്രസ് നേതാക്കൾ മാത്രമാണ് സിബൽ വിളിച്ച യോഗത്തിനെത്തിയത്. പി.ചിദംബരവും മകൻ കാർത്തി ചിദംബരവുമായിരുന്നു ഇത്. അത്താഴ വിരുന്നിനിടെ സംസാരിച്ച മിക്കവാറും എല്ലാ നേതാക്കളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകതയിൽ ഊന്നി സംസാരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2024- തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ ഒരു മാതൃക ഉത്തർപ്രദേശിൽ ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എസ്പി നേതാവ് അഖിലേഷ് യാദവിന് പിന്തുണ നൽകുന്ന തരത്തിലാണ് ജി-23 നേതാക്കളടക്കം സംസാരിച്ചത്. അതേ സമയം യുപിയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ കോൺഗ്രസിനുള്ളിലെ കുടുംബാധിപത്യവും അസ്വസ്ഥതകളും ചില പാർട്ടികൾ അത്താഴ വിരുന്നിൽ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടുകളുണ്ട്. അതേ സമയം കപിൽ സിബൽ വിളിച്ച യോഗം സംബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.