പഞ്ചായത്തിൽ നിന്നുള്ളവർക്ക് മാത്രം വാക്സീൻ; മണിക്കൂറുകളോളം വരി നിന്നവർ നിരാശരായി മടങ്ങി

ബദിയടുക്ക ∙ മറ്റു പഞ്ചായത്തുകളിൽ നിന്നും ബദിയടുക്ക പഞ്ചായത്തിൽ വാക്സിനേഷൻ കേന്ദ്രം ലഭിച്ചവർക്ക് വാക്സിനെടുക്കാനായില്ല. അതാത് പഞ്ചായത്തിൽ പഞ്ചായത്തിലുള്ളവർക്ക് മാത്രം വാക്സീനെന്ന നിർദേശം അറിയാത്തവർ ഇവിടെ എത്തിയതാണ് വിനായായത്. ഈ പഞ്ചായത്തിൽ നിന്നും മറ്റു കേന്ദ്രങ്ങൾ ലഭിച്ചവരും വെറുതെ മടങ്ങി.സ്വന്തം പഞ്ചായത്തിൽ കിട്ടിയതുമില്ല .ഇന്നലെ പഞ്ചായത്തിലെ 9ാം വാർഡിലുള്ളവർക്കായിരുന്നു കുത്തിവയ്പ് നടത്തിയത്.അതിരാവിലെ ഓൺലൈൻ ബുക്ക് ചെയ്തവർ എത്തിയിരുന്നു.ഇന്നലെ മുതൽ പഞ്ചായത്തിൽ മാത്രമുള്ളവർക്കാണ് ഓൺലൈനിൽ വാക്സീനെന്ന നിർദേശമറിയാതെ 2 മണിക്കുറോളം വരി നിന്ന മറ്റു പഞ്ചായത്തിലുള്ളവരോട് 10.30യോടെ പുറത്തെ പഞ്ചായത്തിലുള്ളവർക്കില്ലെന്ന നിർദേശം നൽകിയത്. ഇതോടെ മറ്റു പഞ്ചായത്തിൽ നിന്നെത്തിയവർ നിരാശയോടെ മടങ്ങി.ഉച്ചയോടെ ഇതേ പഞ്ചായത്തിൽ നിന്നും മൊഗ്രാൽ പുത്തൂർ,പുത്തിഗെ,മധൂർ പഞ്ചായത്തിൽ ഓൺലൈനിൽ കുത്തിവയ്പ് കേന്ദ്രം ലഭിച്ചു പോയവർ അവിടെ കിട്ടാതെ ഈ കേന്ദ്രത്തിലേക്ക് മടങ്ങിയെത്തി.അവർക്ക് ഇവിടെ നിന്നും വാക്സിൻ നൽകാനായില്ല.100 ഓൺലൈൻ റജിസ്ട്രേഷനും 150 തൽസമയ റജിസ്ട്രേഷനുള്ളവർക്കുമാണ് നൽകിയത്. സന്നദ്ധ സേനാ പ്രവർത്തകർ, ജാഗ്രതാസമിതി, മാഷ് ഡ്യൂട്ടിയിലുള്ളവർ, അരോഗ്യപ്രവർത്തകർ ചേർന്നാണ് ക്യാംപ് നിയന്ത്രിക്കുന്നതും ടോക്കൺ നൽകുന്നതും. ഓൺലൈനിൽ ലഭിച്ചവർക്കും മറ്റുള്ളവർക്കും തൽസമയ ടോക്കൺ നൽകുമ്പോൾ അപാകത സംഭവിക്കുന്നതായി പരാതിയുയർന്നിട്ടുണ്ട് .കേന്ദ്രത്തിലെത്തുന്നവർക്ക് ഓൺലൈൻ റജിസ്ട്രേഷനും മറ്റുള്ള റജിസ്ട്രേഷനും എവിടെയെന്ന നിർദേശം ലഭിക്കാതെ വരുന്നു.ആളുകൾ കൂട്ടം കൂടി ബഹളമാവുന്നു.ഇതെല്ലാം കഴിഞ്ഞാണ് ആരോഗ്യപ്രവർത്തകർ 11മണിയോടെ വാക്സീനുമായെത്തുന്നത്.വരി നിൽക്കുന്നവരും നിർദേശം ലഭിക്കാതെ ക്യൂനിൽക്കുന്നതിനാൽ പരിശോധനയിൽ നമ്പർ മാറുന്നതും ഇതൊന്നുമറിയാതെ ഓൺലൈനിൽ റജിസ്ട്രേഷൻ ലഭിച്ചവർ നേരെ ക്യൂവിൽ നിൽക്കുന്നതുമൊക്കെ വാക്കേറ്റത്തിനിടയാക്കി.പുറത്ത് തന്നെ കൃത്യമായ നിർദേശം കിട്ടിയാൽ പരിഹരിക്കാവുന്നതാണെങ്കിലും നിശ്ചയമില്ല ഒന്നിനുമെന്ന നിലയിലായിരുന്നു ഇന്നലത്തെ ക്യാംപ്.