KSDLIVENEWS

Real news for everyone

എട്ടുവര്‍ഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേരളം; ജനുവരിക്ക് മുമ്പ് കരട് തയ്യാറാക്കും

SHARE THIS ON

തിരുവനന്തപുരം: ആധുനിക ശാസ്ത്ര-സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2022 ജനുവരി മാസത്തിന് മുമ്പുതന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ലിംഗസമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്.


പ്രീ സ്കൂൾ മുതൽ ഹയർസെക്കൻഡറി തലംവരെ സ്കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ നടപ്പാക്കാൻ ക്രമീകരണം ഏർപ്പെടുത്തും.

സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സഭയിൽ വ്യക്തമാക്കി. കെട്ടിടങ്ങൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കാകും ഊന്നൽ. ഫർണിച്ചറുകൾ നവീകരിക്കുന്നതിന് സമഗ്രമായ പദ്ധതി ഉണ്ടാവും. സ്കൂളുകളിൽ സൗരോർജം പ്രയോജനപ്പെടുത്തുന്നതിനും മുൻഗണന നൽകും.


പ്രൊഫഷണലിസം വർദ്ധിപ്പിക്കാൻ അധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പ്രൈമറി രംഗത്ത് ക്ലസ്റ്റർ അധിഷ്ഠിത ഇടപെടൽ നടത്തും. ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ആവിഷ്കരിച്ച് നടപ്പാക്കും. ഗണിതപഠനം ‘മഞ്ചാടി’, ശാസ്ത്രപഠനം ‘മഴവില്ല്’ പദ്ധതികൾ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും. കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്കൂളിനെ മാറ്റിയെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും. പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രദാനംചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!