പ്രധാനമന്ത്രിയുടെ സന്ദര്‍ശന ശേഷം പ്രതീക്ഷ, വയനാടിന് പ്രത്യേക സാമ്ബത്തിക പാക്കേജ് കേന്ദ്രം നല്‍കണം: വിഡി സതീശൻ

തൃശൂർ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്ബത്തിക പാക്കേജ് കേന്ദ്രം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതില്‍ പ്രതീക്ഷയുണ്ട്. പുനരധിവാസം ഉറപ്പാക്കണം. ഭാവിയില്‍ ദുരന്തങ്ങളില്‍ ഇത്രയും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. ദുരന്ത മേഖലകളിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാണ് സതീശൻ്റെ പ്രതികരണം.
വ്യക്തമായ മുന്നറിയിപ്പ് നല്‍കാൻ സംവിധാനമുണ്ടാക്കണം. മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതാണ് പ്രശ്നമായത്. വയനാട് പ്രത്യേകമായി പരിഗണിക്കണം. സംഭവം നടക്കുന്നതിന് മുമ്ബ് കാലാവസ്ഥ മാറ്റങ്ങളെ കുറച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കാലാവസ്ഥ മാറ്റങ്ങള്‍ മുമ്ബില്‍ കണ്ടാണ് കെ റെയിലിനോട് നോ പറഞ്ഞത്. തീരദേശ ഹൈവേ വേണ്ട എന്നും പറഞ്ഞത്. പ്രധാനഘട്ടത്തിലേക്ക് പോകുകയാണ്. പുനരധിവാസം സംബന്ധിച്ച ആശയങ്ങള്‍ സർക്കാർ മുമ്ബാകെ സമർപ്പിക്കും. യുഡിഎഫ് പൂർണ്ണമായും സഹകരിക്കും. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളില്‍ അപൂർണ്ണമായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഒന്നിച്ചെടുത്തതാണെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, വയനാട് ദുരിതത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. എത്ര വീടുകള്‍ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി.
കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കും. ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ യോഗത്തില്‍ അവലോകന പ്രധാനമന്ത്രിക്ക് മുൻപില്‍ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാഥമിക സഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

