KSDLIVENEWS

Real news for everyone

സാമ്പത്തിക പിന്തുണയും കാലാവസ്ഥാവ്യതിയാനം നേരിടാനുളള സഹായവും വേണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

SHARE THIS ON

കല്പറ്റ (വയനാട്): വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി പ്രധാനമന്ത്രിക്ക് കൈമാറി.

നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം കേന്ദ്ര സർക്കാരിന് സംസ്ഥാനം പിന്നീട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങളെന്നും കൂട്ടിച്ചേർത്തു.

അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ മതിയായ സജ്ജീകരണങ്ങൾ കേരളത്തിന് ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റീയറോജിക്കൽ ഡിപ്പാർട്മെന്റ്, നാഷണൽ സിസ്‌മിക്‌ സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്പെഷ്യൽ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

2015-ൽ സംസ്ഥാന സർക്കാർ കോട്ടയത്ത് സ്ഥാപിച്ച കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിന്റെ ഗവേഷണ ക്ഷമത വർധിപ്പിക്കേണ്ടതുണ്ടെന്നും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷന്റെ സുരക്ഷിതമായ മുന്നോട്ടുപോക്കിനും കേന്ദ്രത്തിന്റെ സാമ്പത്തിക, സാങ്കേതിക പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

വയനാട് സന്ദർശിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ നന്ദി അറിയിച്ച മുഖ്യമന്ത്രി ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ സംസ്ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു. ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലെ ദുരന്തത്തെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!