KSDLIVENEWS

Real news for everyone

ഫാഷൻ ഗോൾഡ് ജ്വല്ലറി കേസ്: എം.സി ഖമറുദ്ദീൻ ഇന്ന് പാണക്കാട്ടേക്ക് തിരിക്കും; എം എൽ എ ഒഴികെ പാർട്ടിയുടെ ഔദ്യോഗിക പദവികളിൽ നിന്നെല്ലാം ഒഴിഞ്ഞേക്കും

SHARE THIS ON

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി കേസിൽ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ വിശദീകരണം നൽകുന്നതിനായി മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ വ്യാഴാഴ്ച പാണക്കാട്ടേക്ക് പോകുന്നു. പാണക്കാട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി കെ പി എ മജീദ് തുടങ്ങിയ നേതാക്കളെ ജ്വല്ലറി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധരിപ്പിക്കും. എം എൽ എ ഒഴികെ പാർട്ടിയുടെ ഔദ്യോഗീക സ്ഥാനങ്ങളിൽ നിന്നെല്ലാം ഖമറുദ്ദീൻ ഒഴിവായേക്കുമെന്ന സൂചനയുമുണ്ട്. പാർട്ടിക്ക് ഒരു തരത്തിലും ബന്ധമില്ലാത്ത ജ്വല്ലറി ഇടപാട് കേസിൽ അനാവശ്യമായി പാർട്ടി പഴി കേൾക്കേണ്ടി വരുന്നത് ലീഗ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. പി കെ കുഞ്ഞാലിക്കുട്ടി തന്നെ ഖമറുദ്ദീനെതിരെയുള്ള കേസ് ഗൗരവകരമെന്ന് പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്.
തദ്ദേശ തെരെഞ്ഞടുപ്പും അതിന് പിന്നാലെ വരുന്ന നിയമസഭാ തെരെഞ്ഞടുപ്പും അടുത്ത് കൊണ്ടിരിക്കെ ഖമറുദ്ദീനെതിരെയുള്ള കേസും വിവാദങ്ങളും കത്തിനിൽക്കുന്നത് ലീഗിനും യു ഡി എഫിനും ഒരേപോലെ ദോഷം ചെയ്യും. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ ലീഗ് സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുള്ളതായും സൂചനയുണ്ട്.
ഖമറുദ്ദീനെ അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളികളായ ചിലരാണ് ജ്വല്ലറി ബിസിനസ്സിൻ്റെ പേരിൽ കുഴിയിൽ ചാടിച്ചതെന്ന് ഖമറുദ്ദീനെ അടുത്തറിയുന്നവർ പറയുന്നു. മറ്റുള്ളവരെ വഞ്ചിച്ചും തട്ടിപ്പ് നടത്തിയും ഖമറുദ്ദീന് ജീവിതം മുന്നോട്ട് കൊണ്ടു പോകേണ്ട സാഹചര്യമില്ല. വലിയ സാമ്പത്തിക ഭദ്രതയുള്ള കുടുംബം തന്നെയാണ് അദ്ദേഹത്തിൻ്റേത്. അതു കൊണ്ട് തന്നെയാണ് വാർത്താ സമ്മേളനത്തിലും ചാനൽ ചർച്ചകളിലുമടക്കം ഖമറുദ്ദീൻ താൻ തട്ടിപ്പുകാരനല്ലെന്ന് ആവർത്തിച്ചു പറയുന്നത്.
ജ്വല്ലറി വ്യാപാരത്തിൽ നിന്നോ നിക്ഷേപകർ നൽകിയ പണത്തിൽ നിന്നോ ഒരു രൂപ പോലും തൻ്റെ വീട്ടിലേക്കോ മറ്റ് സംസ്ഥാനത്തേക്കോ മറ്റ് രാജ്യത്തേക്കോ മാറ്റിയെന്ന് തെളിയിച്ചാൽ പൊതു ജീവിതം തന്നെ ഉപേക്ഷിക്കുമെന്ന് ഖമറുദ്ദീൻ വ്യക്തമാക്കുന്നതും ഈ സാഹചര്യത്തിലാണ്. 2013 ൽ ആരംഭിച്ച ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക് ജ്വല്ലറി പൂട്ടുന്നത് വരെ കൃത്യമായ ലാഭവിഹിതം നൽകിയിരുന്നതായി ഇടപാടുകാർ തന്നെ പറയുന്നുണ്ട്.
കേന്ദ്ര സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയതോടെ നിക്ഷേപകർ കൂട്ടത്തോടെ തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയതോടെയാണ് ജ്വല്ലറി വ്യാപാരം പ്രതിസന്ധിയിലായതെന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർ സൂചിപ്പിച്ചു. ഇതിനിടയിൽ സ്വർണ്ണ വ്യാപാരത്തിൽ വലിയ ഇടിവും സംഭവിച്ചതോടെ വിറ്റുവരവും കുറഞ്ഞു.
പ്രതിസന്ധി താൽക്കാലികമായെങ്കിലും പിടിച്ചു നിർത്താൻ കിട്ടാവുന്നവരോടെല്ലാം നടത്തിപ്പുകാർ പണം സ്വരൂപിച്ചെങ്കിലും ഇത് കൊണ്ടൊന്നും പിടിച്ചു നിൽക്കാൻ കഴിയാവുന്ന സാഹചര്യം ആയിരുന്നില്ല. പയ്യന്നൂരിലെ ജ്വല്ലറിയാണ് ആദ്യം പൂട്ടിയത്. പിന്നെ അത് ചെറുവത്തൂരിലെ ഹെഡ് ഓഫീസും പൂട്ടുന്ന സ്ഥിതിയിലെത്തി. നിക്ഷേപകർക്ക് നൽകേണ്ട ലാഭവിഹിതവും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടക്കം വലിയ ബാധ്യതയാണ് ഉണ്ടായത്. കാസർകോട്ടെ ജ്വല്ലറിയാണ് അവസാനം പൂട്ടിയത്. കാസർകോട്ടെ ജ്വല്ലറിയുടെ പേരിൽ ബാങ്കിൽ നിന്നെടുത്ത കടത്തിന് ഓവർഡ്രാഫ്റ്റും വന്നതോടെ ഇത് മറ്റൊരാൾക്ക് വില്ലന നടത്തിയാണ് ബാങ്കിൻ്റെ കട ബാധ്യത തീർത്തത്.
ജ്വല്ലറിയിൽ നിക്ഷേപം നടത്തിയവരിൽ 90 ശതമാനം പേരും ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോ അവരുടെ കുടുംബാംഗങ്ങളോ ആണ്. അതു കൊണ്ടു തന്നെ പണം നിക്ഷേപിച്ച പലരും നേതൃത്വത്തെ സമീപിച്ചപ്പോൾ പാർട്ടിക്ക് ഒരു ബന്ധവും ഇല്ലാത്ത ഇടപാടിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടയിൽ എം സി ഖമറുദ്ദീൻ തന്നെ മുൻകൈയ്യെടുത്ത് ഇടപാടുകാരുടെ യോഗം വിളിച്ച് മധ്യസ്ഥരെ വെച്ച് നാല് മാസത്തെ സാവകാശം നൽകാൻ ധാരണയായിരുന്നുവെങ്കിലും ബാഹ്യ ഇടപെടലുകളെ തുടർന്ന് ചിലർ പോലീസിൽ പരാതി നൽകിയതോടെ പണം മടക്കി കിട്ടുമെന്ന കാര്യത്തിൽ കരിനിഴൽ വീഴുകയായിരുന്നു. ആര് മധ്യസ്ഥ ഏറ്റെടുക്കാനായി മുന്നോട്ട് വന്നാലും നാല് മാസത്തിനകം പണം മടക്കി നൽകുമെന്നാണ് ഖമറുദ്ദീൻ ഇപ്പോഴും പറയുന്നത്.

ബാങ്കുകളിൽ പലിശയ്ക്ക് പണം നിക്ഷേപിക്കുന്നത് മതപരമായി എതിരാണെ ചിന്തയിലാണ് നിക്ഷേപത്തിന് ലാഭവിഹിതം കിട്ടുന്ന ജ്വല്ലറി വ്യാപാരത്തിലേക്ക് പണം നിക്ഷേപിക്കാൻ പലരും സ്വമേധയാ മുന്നോട്ട് വന്നത്. ആരെയും അങ്ങോട്ട് സമീപിച്ച് നിക്ഷേപം സ്വീകരിക്കുകയായിരുന്നില്ലെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.

ഖമറുദ്ദീനെ ഈ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം എന്തെങ്കിലും ഫോർമുല നിർദ്ദേശിക്കുമെന്ന പ്രതീക്ഷ ലീഗുകാരായ ഇടപാടുകാർ വെച്ചു പുലർത്തുന്നുണ്ട്. 800 ഓളം നിക്ഷേപകർക്ക് 134 കോടി രൂപയെങ്കിലും മടക്കി കൊടുക്കാനുണ്ടെന്നണ് പ്രചാരണമെങ്കിലും ജ്വല്ലറിയുടെ ആസ്തി കൂടി കണക്കിലെടുത്താൽ പകുതി തുകയെങ്കിലും പുറത്ത് നിന്നും കണ്ടെത്തേണ്ടി വരും. കേസ് നടപടി ഉണ്ടായതിനാൽ കേസ് അവസാനിക്കാതെ ഒന്നും ചെയ്യാൻ കഴിയുമൊ എന്നും ഖമറുദ്ദീൻ്റെ മുന്നിലുള്ള പ്രതിന്ധിയായി ചൂണ്ടി കാണിക്കപ്പെടുന്നു. ഏതായാലും ജ്വല്ലറി വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ചിലർ തീരുമാനിച്ചതോടെ രംഗം വഷളാക്കുമെന്ന ചിന്തയും ഇടപാടുകാർക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!