KSDLIVENEWS

Real news for everyone

” തന്റെ ഓഫീസ് രാമക്ഷേത്രം , വെറും കെട്ടിടമല്ല , പ്രതികാരം ചെയ്യും ” ; വെല്ലുവിളിച്ചും വിവാദം ആവർത്തിച്ചും കങ്കണ

SHARE THIS ON

മുംബൈ
ബംഗ്ലാവിലെ അനധികൃത നിര്‍മാണം പൊളിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിച്ചും വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചും നടി കങ്കണ റണൗട്ട്. ബൃഹന്‍ മുംബൈ കോര്‍പറേഷന്‍ കെട്ടിടം പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച്‌ വിവാദ പരാമര്‍ശം നടി ആവര്‍ത്തിച്ചത്. പാക് അധിനിവേശ കശ്മീരാണ് മുംബൈ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് കോര്‍പറേഷന്റെ നടപടിയെന്ന് കങ്കണ പറഞ്ഞു.

തന്റെ ഓഫീസ് പൊളിക്കുന്നത് രാമക്ഷേത്രം പൊളിക്കുന്നതിന് സമാനമാണ്. അത് തനിക്ക് വെറും കെട്ടിടമല്ല, രാമക്ഷേത്രംതന്നെയായിരുന്നു. എന്നാല്‍, ബാബര്‍ ഓര്‍ക്കുക. അവിടെ രാമക്ഷേത്രം വീണ്ടും ഉയര്‍ന്ന് വരുകതന്നെ ചെയ്യും.

ജനാധിപത്യത്തിന്റെ മരണമെന്ന് മുംബൈ കോര്‍പറേഷന്റെ നടപടിയെ വിശേഷിപ്പിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും കങ്കണ വെല്ലുവിളിച്ചു.

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരും കങ്കണ റണൗട്ടും ആരംഭിച്ച ഏറ്റമുട്ടലിനിടെയാണ് മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ആദ്യം ഉപമിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. ഷിംലയിലായിരുന്ന നടി മാപ്പ് പറയാതെ മുംബൈയിലെത്തിയാല്‍ തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചു. അടുത്ത ദിവസംതന്നെ മുംബൈയിലെത്തുമെന്നു കങ്കണ വെല്ലുവിളിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കങ്കണയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയത്.

ബുധനാഴ്ച പകല്‍ രണ്ടരയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ നടിക്കെതിരെ ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സുരക്ഷാ കമാന്‍ഡോകള്‍ കങ്കണയെ വീട്ടിലെത്തിച്ചു. നടിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എംപി സുബ്രഹ്മണ്യന്‍ സ്വാമി, സുശാന്തിന്റെ സഹോദരി അതിഥി, ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, രശ്മി ദേശായ് തുടങ്ങിയവര്‍ രംഗത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!