40 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി നീലേശ്വരം സ്വദേശികൾ ഡൽഹിയിൽ അറസ്റ്റിൽ,
ലഹരിമാഫിയാ സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായവരെന്ന് പോലീസ്

നീലേശ്വരം: 40 കോടി രൂപയുടെ മയക്കുമരുന്നുമായി ഡല്‍ഹിയില്‍ പിടിയിലായ നീലേശ്വരം സ്വദേശികള്‍ ലഹരിമാഫിയാസംഘത്തിലെ പ്രധാനികള്‍. മുമ്പും ഇവര്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. നീലേശ്വരത്തെ മുഹ്‌സിന്‍ അലി, കൊട്രച്ചാലിലെ ഷാജഹാന്‍, തൈക്കടപ്പുറത്തെ അമല്‍ദേവ് എന്ന ഹനീഫ, വാഹിദ്, മുനാസിര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ 40 കോടിയുടെ മയക്കുമരുന്നുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഡല്‍ഹി മഹിപാല്‍പൂര്‍ മേഖലയിലെ ഹോട്ടലില്‍ റെയ്ഡ് നടത്തുകയും മയക്കുമരുന്നുമായി സംഘം പിടിയിലാകുകയുമായിരുന്നു. കോവിഡിന്റെ മറവില്‍ അനുവദിച്ച അന്താരാഷ്ട്ര കൊറിയര്‍ സര്‍വീസ് ഉപയോഗിച്ചാണ് ഇവര്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം നടത്തിയത്. ആഫ്രിക്കന്‍ സ്വദേശിയും മ്യാന്‍മര്‍ സ്വദേശിനിയുമാണ് നീലേശ്വരം സ്വദേശികള്‍ക്കൊപ്പം പിടിയിലായത്. മയക്കുമരുന്ന് ഏറ്റുവാങ്ങാനാണ് നീലേശ്വരം സ്വദേശികള്‍ ഹോട്ടലിലെത്തിയത്. നേരത്തെ ഗള്‍ഫിലായിരുന്ന മുഹ്‌സിന്‍ അലി കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. നാലുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ മുഹ്‌സിന്‍ പിന്നീട് അന്താരാഷ്ട്രമയക്കുമരുന്ന് ലോബിയുമായി ബന്ധപ്പെട്ടുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊട്രച്ചാലിലെ ഷാജഹാന്‍ കഞ്ചാവ് കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെടുകയും ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. ഹനീഫ മയക്കുമരുന്നുകേസില്‍പെട്ട് പത്തുമാസക്കാലം ബംഗളൂരുവിലെ ജയിലിലായിരുന്നു. മുനാസിറിനെതിരെ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്റ്റേഷനില്‍ കേസുണ്ട്.

