KSDLIVENEWS

Real news for everyone

ഓക്‌സ്‌ഫഡ് വാക്‌സിന്‍ ; ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവെച്ചു

SHARE THIS ON

ന്യൂഡല്‍ഹി > ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവെച്ചു. വിദേശത്ത് വിപരീതഫലം കണ്ടതിനെ തുടര്‍ന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ നടപടി. ഡിസിജിഐയുടെ നിര്‍ദേശം പാലിക്കുന്നുവെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അറിയിച്ചു.

വാക്സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബ്രിട്ടനില്‍ ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തേണ്ടി വന്നത്. വാക്സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.

ഔഷധനിര്‍മാണ കമ്ബനിയായ ആസ്ട്രാ സെനെക്കയും സര്‍വകലാശാലക്കൊപ്പം പരീക്ഷണത്തില്‍ കൈകോര്‍ക്കുന്നുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കോവിഡ് വാക്സിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്തിവന്നിരുന്നത്.

ബ്രിട്ടനില്‍ പരിമിത എണ്ണം ആളുകളില്‍ നടത്തിയ ആദ്യ രണ്ട് ഘട്ടം പരീക്ഷണങ്ങളുടെ ഫലം ആശാവഹമായിരുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ ഓക്സ്ഫഡ് വാക്സിന്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പരീക്ഷണത്തിലുള്ള നൂറുകണക്കിനു സാധ്യതാ വാക്സിനുകളില്‍ മനുഷ്യരിലെ അവസാനഘട്ടം പരീക്ഷണത്തിലുള്ള ആറ് വാക്സിനില്‍ ഒന്നാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയുടെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം ജനുവരിയിലാണ് വാക്സിന്‍ വികസിപ്പിക്കാന്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!