എണ്ണ മാത്രമല്ല ഇനി പെട്രോൾ പമ്ബുകളിൽ നിന്നും കറന്റും അടിക്കാം

രാജ്യത്തെ 69,000 പെട്രോള്‍ പമ്ബുകളിലും ബാറ്ററി ചാര്‍ജിങ് കിയോസ്ക് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് മേഖലയിലെ അടിസ്ഥാന സൗകര്യം അവലോകനം ചെയ്യാന്‍ കേന്ദ്ര ഊര്‍ജ മന്ത്രി ആര് കെ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഇലക്ട്രിക്ക് വാഹന (ഇ വി) വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം. ആദ്യ ഘട്ടത്തില്‍ രാജ്യതലസ്ഥാന മേഖലയായ ദില്ലി എന്‍ സി ആര്‍യ്ക്കു പുറമെ കൊല്‍ക്കത്ത, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു, വഡോദര, ഭോപാല്‍ നഗരങ്ങളിലും ദേശീയപാതയോരങ്ങളിലെ പെട്രോള്‍ പമ്ബുകളിലും വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യം ഏര്‍പ്പെടുത്താനാണ് ഊര്‍ജ മന്ത്രാലയത്തിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതുമേഖല എണ്ണ കമ്ബനി(ഒ എം സി)കളുടെ ഭരണ നിയന്ത്രണത്തിലുള്ള ‘കോകോ’ പെട്രോള്‍ പമ്ബുകളില്‍ ചാര്‍ജിങ് കിയോസ്ക് സ്ഥാപിക്കാന്‍ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാനാണു പെട്രോളിയം മന്ത്രാലയത്തിനുള്ള നിര്‍ദേശം. ലൈസന്‍സ്/ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പമ്ബുകളിലും കുറഞ്ഞത് ഒരു ചാര്‍ജിങ് കിയോസ്ക് എങ്കിലും സജ്ജീകരിക്കാനാണു ശ്രമം. ഇത്തരത്തില്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്ബുകളിലും വൈദ്യുത വാഹന ചാര്‍ജിങ്ങിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാവുമെന്നതാണു നേട്ടം.
ഒപ്പം പൊതുമേഖല എണ്ണ കമ്ബനികള്‍ നേരിട്ടു നടത്തുന്ന, കമ്ബനി ഓണ്‍ഡ് കമ്ബനി ഓപ്പറേറ്റഡ്(കോകോ) വിഭാഗം പമ്ബുകളില്‍ ഇ വി ചാര്‍ജിങ് കിയോസ്ക് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പമ്ബുകളിലെല്ലാം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമായാല്‍ കൂടുതല്‍ പേര് വൈദ്യുത വാഹനം വാങ്ങാന്‍ സന്നദ്ധരാവുമെന്നാണു സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.
പെട്രോളിയം മന്ത്രാലയത്തിന്റെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം പുതിയ പെട്രോള്‍ പമ്ബുകളില്‍ ഏതെങ്കിലും ബദല്‍ ഇന്ധന സാധ്യത നിര്‍ബന്ധമായും ലഭ്യമാക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന മിക്ക പെട്രോള്‍ പമ്ബുകളും ബദല്‍ ഇന്ധന വിഭാഗത്തില്‍ വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യം ഏര്‍പ്പെടുത്താനാണു താല്പര്യം പ്രകടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

