പൊട്ടിവീണ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം; അപകടം പുല്ലരിയുന്നതിനിടെ

ഇടുക്കി: കൊച്ചറ രാജാക്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു. പുരയിടത്തില്‍ പുല്ലരിയുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈന്‍ കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് ഇവർ മരിച്ചതെന്നാണ് നിഗമനം. രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പാടശേഖരത്തിലേക്ക് പുല്ലരിയാന്‍ പോയതായിരുന്നു ഇവര്‍. വൈകീട്ടോടെ മഴ പെയ്തിരുന്നു. ഇതോടെ വെള്ളം നിറഞ്ഞ പാടത്തിലേക്ക് പൊട്ടിവീണ ലൈന്‍ കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂന്നു മൃതദേഹങ്ങളും കൊച്ചറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.