KSDLIVENEWS

Real news for everyone

നീലേശ്വത്ത് ജ്വല്ലറിയിൽ കവർച്ചശ്രമം : മുഖംമൂടിസംഘം സി.സി.ടി.വി.യിൽ കുടുങ്ങി

SHARE THIS ON

നീലേശ്വരം: നീലേശ്വരം രാജാസ് എച്ച്.എസ്. സ്കൂളിന് മുൻവശത്തെ കെ.എം.കെ. ജൂവലറിയിൽ കവർച്ചശ്രമം. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് മുഖംമൂടി ധരിച്ച രണ്ടുപേർ കവർച്ച നടത്താൻ ശ്രമിച്ചത്. ജൂവലറി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലെ കെ.എസ്.എസ്.പി.യു. നീലേശ്വരം ബ്ലോക്ക് ഓഫീസിന്റെ പൂട്ട്‌ പൊളിച്ച്, ചുമർ തുരന്ന് ജൂവലറിക്കകത്തേക്ക് ഇറങ്ങാനായിരുന്നു പദ്ധതി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

പുലർച്ചെ 3.52 വരെ പരിശ്രമിച്ചിട്ടും ഫലം കാണാത്തതിനാൽ ഇവർ മടങ്ങുകയായിരുന്നു. മുൻവശത്തെ ഗേറ്റ്, മുകളിലേ നിലയിലേക്ക് കയറാനുള്ള ഗ്രിൽ, രണ്ട്‌ വാതിലുകൾ എന്നിവയുടേതായി നാല് പൂട്ടുകൾ തകർത്തിരുന്നു. പിന്നീട് ഒരാൾപൊക്കത്തിലുള്ള ഗ്യാസ് സിലിൻഡർ എത്തിച്ച് ചുമർ തുരക്കാനുള്ള ശ്രമം തുടരുകയായിരുന്നു. നേരം വെളുക്കാനായതോടെയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് കരുതുന്നു. യുവാക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരിൽ ഒരാൾ കറുത്ത ഷർട്ടും മറ്റേയാൾ വെളുത്ത ജാക്കറ്റ് പോലുള്ള വസ്ത്രവുമാണ് ധരിച്ചിരുന്നത്. ഇതിൽ ഒരാൾക്ക് നല്ല ഉയരമുണ്ട്. ഇരുവരും കൈയുറകളും ധരിച്ചിരുന്നു.

നീലേശ്വരം മാർക്കറ്റ് കവലയിലെ ഓട്ടോ വർക്ക്‌ഷോപ്പിൽനിന്ന്‌ ഞായറാഴ്ച ഗ്യാസ് സിലിൻഡർ നഷ്ടപ്പെട്ടതായി പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജൂവലറി ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. മുകളിലത്തെ നിലയിലുണ്ടായ ചവിട്ടി വലിച്ചെറിഞ്ഞ നിലയിലായിരുന്നു. തുടർന്ന് പൂട്ടും തകർത്ത നിലയിൽ കണ്ടു. ഉടൻ ജൂവലറി ഉടമയായ കെ.എം. ബാബുരാജ് സ്ഥലത്തെത്തി, പോലീസിനെ വിവരമറിയിച്ചു. ഇൻസ്‌പെകടർ പി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. കെ.പി. സതീഷുമടങ്ങിയ സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!