ഫാന്‍സി നമ്പറുകള്‍ കിട്ടാന്‍ കാലതാമസം, താത്കാലിക രജിസ്‌ട്രേഷന്‍ കൂടുന്നു സുരക്ഷാപ്രശ്‌നമെന്ന് MVD

ആഡംബര വാഹനങ്ങള്‍ നിരത്തിലിറക്കുന്നവര്‍ അധികം പണംമുടക്കി നേടുന്ന ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം. അതിനാല്‍ താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ കൂടി. ഇത് സുരക്ഷാപ്രശ്‌നം ഉയര്‍ത്തുന്നതായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇഷ്ട സീരിസിലെ നമ്പരിലേക്കെത്താന്‍ സമയമെടുക്കുന്നതാണ് താമസത്തിനു കാരണം. മുന്‍പ്, താത്കാലിക രജിസ്‌ട്രേഷന്‍ അനുവദിച്ചിച്ചശേഷം പിന്നീടാണ് യഥാര്‍ഥ നമ്പര്‍ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ ഷോറൂമില്‍നിന്നു വാഹനം പുറത്തിറക്കുന്നതുതന്നെ യഥാര്‍ഥ രജിസ്‌ട്രേഷന്‍ നമ്പരുമായാണ്. ഫാന്‍സിനമ്പര്‍ കിട്ടാന്‍ വൈകുന്നതിനാല്‍ അത്തരക്കാര്‍ക്ക് വാഹനമിറക്കാനും കഴിയാത്ത അവസ്ഥയാണ്. ഇഷ്ടനമ്പര്‍ കിട്ടാന്‍ ചിലപ്പോള്‍ മാസങ്ങള്‍ കാത്തിരിക്കണം. അതിനാല്‍, താത്കാലിക നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചു. അതിന് അനുമതിയായതോടെയാണ് താത്കാലിക നമ്പരിന് ആവശ്യക്കാരേറിയത്. ഫാന്‍സി നമ്പര്‍ കിട്ടുമ്പോള്‍ മാറ്റുകയും ചെയ്യാം. ആറുമാസംവരെയാണ് താത്കാലിക നമ്പരിന്റെ കാലാവധി. എന്നാല്‍, ഈ നമ്പരുകളുടെ വിവരങ്ങള്‍ എം പരിവാഹനില്‍ കിട്ടണമെന്നില്ല. അത്തരം വാഹനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ ഉടമയെ കണ്ടെത്താന്‍ പ്രയാസമാണ്. അതിനാലാണ് താത്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്