ജനറൽ ആശുപത്രി സന്ദർശിക്കാൻ വന്ന ആരോഗ്യമന്ത്രിയോട് ചോദ്യങ്ങളും ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങളും ഉന്നയിച്ച് യുവാവ്; എല്ലാം കേട്ട ശേഷം കാര്യങ്ങൾ വിശദീകരിച്ച് മന്ത്രി

കാസർകോട്: ജനറൽ ആശുപത്രി സന്ദർശിച്ച് പുറത്തിറങ്ങിയ വീണാ ജോർജിനോട് ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച് യുവാവ്. ‘താനൊരു സാധാരണ പൗരനാണ്, ചില കാര്യങ്ങൾ ചോദിക്കാനുണ്ടെ’ന്നു പറഞ്ഞാണ് ജോഹർ പുത്തൂർ എന്നയാൾ മന്ത്രിയെ സമീപിച്ചത്. ആദ്യം പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും വാഹനത്തിൽ കയറും മുൻപ് മന്ത്രി ഇയാളോട് സംസാരിക്കാൻ തയാറായി. സ്വകാര്യ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയതെന്ന് യുവാവ് വാദിച്ചു.
എന്നാൽ ഇക്കാര്യം ആരു പറഞ്ഞ നുണയാണെന്ന് തനിക്കറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. കാസർകോടേക്ക് താൻ എത്തുന്നത് ഒഴിവാക്കാൻ ആരോ ശ്രമിച്ചതാണ്. ആ മാഫിയ ആരാണെന്നാണ് അന്വേഷിക്കേണ്ടതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു ചായ സൽക്കാരത്തിനും വന്നതല്ലെന്നും ഒരു പൂച്ചെണ്ടു പോലും വാങ്ങിയിട്ടില്ലെന്നും തന്നോടു സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിലെ പരിയാരത്തും മറ്റുമുള്ള സൗകര്യങ്ങൾ എന്തുകൊണ്ട് ജില്ലയിലില്ലെന്നും രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വലുതാണെന്നും യുവാവ് ചൂണ്ടിക്കാട്ടി.
തുടർന്ന് യുവാവിനെ അടുത്തേക്കു വിളിച്ച മന്ത്രി ജില്ലയിലെ ആരോഗ്യമേഖലയിൽ സർക്കാർ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചു. മെഡിക്കൽ കോളജ് നിർമാണ ജോലികൾ വൈകുന്ന കാര്യങ്ങൾ മന്ത്രി വിശദീകരിച്ചു. തനിക്ക് രാഷ്ട്രീയ ആഭിമുഖ്യങ്ങളില്ലെന്നും ബന്ധുവിനൊപ്പം ആശുപത്രിയിൽ എത്തിയതാണെന്നും ഇയാൾ പറഞ്ഞു. തന്റെ മകന്റെ പ്രായമേ കാണുവെന്നും തെറ്റിദ്ധാരണകളുണ്ടായാൽ അത് മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. പോകുന്നതിനു മുൻപ് ഇയാളോട് മുഖം കാണാൻ മാസ്ക് മാറ്റാമോയെന്ന് മന്ത്രി ചോദിച്ചെങ്കിലും യുവാവ് തയാറായില്ല.