ഡോക്ടറെ ആവശ്യമുണ്ട് ’; ‘കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു’ ; മന്ത്രി വീണാ ജോർജ്

കാഞ്ഞങ്ങാട്: ജില്ലയിലേക്ക് ഡോക്ടർമാരെ ലഭിക്കാത്ത പ്രശ്നം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിയും. കാസർകോട് ജില്ലയിലേക്ക് ഡോക്ടർമാരെ നിയമിക്കാനായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിട്ടും ആവശ്യത്തിന് ഡോക്ടർമാരെ കിട്ടിയില്ലെന്ന് ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. ഡോക്ടർമാർക്ക് വേണ്ടി ആരോഗ്യ വകുപ്പ് 3 കൂടിക്കാഴ്ച ആണ് നടത്തിയത്. ആദ്യ കൂടിക്കാഴ്ചയിൽ 56 പേരും രണ്ടാമത്തെ കൂടിക്കാഴ്ചയിൽ 76 പേരും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ 60 പേരും പങ്കെടുത്തു. ഇത്ര പേർ കൂടിക്കാഴ്ചയ്ക്ക് പങ്കെടുത്തിട്ടും ജോയിൻ ചെയ്തത് ആകെ 12 പേർ മാത്രമാണ്.

ആവശ്യത്തിന് ഡോക്ടർമാരെ കിട്ടാത്തിനാൽ സ്ഥിരം ഡോക്ടറെ നിയമിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണ്. ജില്ലയ്ക്ക് വേണ്ടി പ്രത്യേകമായി, വിരമിച്ച ഡോക്ടർമാർ താൽപര്യം അറിയിച്ചാൽ അവരെയും അഡ്ഹോക്ക് വഴി നിയമിക്കുന്ന കാര്യം പരിഗണിക്കും. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച് ചെയ്യാൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.
ആവശ്യത്തിന് ടെക്നീഷന്മാരെ കിട്ടാത്ത പ്രശ്നവും മന്ത്രി ചൂണ്ടിക്കാട്ടി. ഇജി ടെക്നീഷന്മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഈ മേഖലയിലും വിരമിച്ചവരെ സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിൽ ഇത്തരത്തിൽ നിയമനവും നടത്തിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ അഡ്ഹോക് വഴി ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനും ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ നേരിട്ട് സന്ദർശിക്കുന്നത്.
ഇലക്ട്രിക്, പ്ലമിങ് പണി തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളജ് പരിധിയിൽ 3 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രി വേണം. ഇതാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡം. കാസർകോട് മെഡിക്കൽ കോളജ് പരിധിയിൽ 10 കിലോ മീറ്ററിനുള്ളിൽ ഇത്തരം ആശുപത്രികൾ ഇല്ല. ഇവിടെ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രി വേണം. ഇത് 3 വർഷം പൂർത്തിയാകുകയും വേണം. ജില്ലയുടെ സാഹചര്യം പരിഗണിച്ച് ഇക്കാര്യത്തിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഡയാലിസിസ് സംവിധാനം ഇല്ലാത്ത ആശുപത്രികളിൽ ഡയാലിസിസ് സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കും. വലിയ പരിഗണന ആവശ്യമുള്ള ജില്ലയാണ്.
‘കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു’
കാസർകോട്∙ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുകയാണെന്ന് മന്ത്രി വീണാ ജോർജ്. ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം കേന്ദ്രം നിർത്തലാക്കിയപ്പോൾ സാധ്യമായ സാഹചര്യങ്ങളിൽ നിന്നെല്ലാം പണം കണ്ടെത്തിയാണ് പ്രശ്നങ്ങളുണ്ടാകാതെ കേരളം പരിഹരിച്ചതെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഇക്കാര്യം പ്രത്യേക വിഷയമായി ധനവകുപ്പിനെ അറിയിച്ചു. സാമൂഹിക സുരക്ഷാ മിഷനുമായി ചേർന്ന് സ്ഥിരമായ പരിഹാരം കാണാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
ഫെഡറൽ സംവിധാനത്തിൽ അർഹമായ വിഹിതം കേരളത്തിന് കിട്ടിയിട്ടില്ല. ഒരു വർഷം 1600 കോടി രൂപയാണ് സംസ്ഥാനം സൗജന്യ ചികിത്സയ്ക്ക് നൽകുന്നത്. കേന്ദ്രം പറഞ്ഞതിനേക്കാൾ മൂന്നിരട്ടി ഗുണഭോക്താക്കളുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി ഞെരുക്കാൻ പല തന്ത്രങ്ങളും നോക്കുന്നുണ്ടെന്നും എന്നാൽ സംസ്ഥാനം ഗുണഭോക്താക്കളെ കയ്യൊഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.