KSDLIVENEWS

Real news for everyone

ഭീഷണി നിസ്സാരമായി കാണുന്നില്ല; എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്ന് കാനഡ

SHARE THIS ON

ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു. വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണത്തിനുത്തരവിട്ടതായും കാനഡ വ്യക്തമാക്കി. പന്നൂനിന്റെ ഭീഷണിക്ക് പിന്നില്‍ അക്രമലക്ഷ്യങ്ങളുണ്ടെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ വ്യക്തമാക്കി. നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഗുര്‍പത്‌വന്ദ് സിങ് പന്നൂനിൻ്റെ ഭീഷണി സന്ദേശം. ജീവന് ആപത്തുണ്ടായേക്കുമെന്നതിനാല്‍ സിഖുകാര്‍ നവംബര്‍ 19 മുതല്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്നും പന്നൂൻ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19-ന് അടഞ്ഞുകിടക്കുമെന്നും ഭീഷണിയുണ്ട്. വിമാനത്താവളത്തിന് ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും പന്നൂൻ പറഞ്ഞു. സിഖ് വിഭാഗം നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് അന്നേ ദിവസം മറുപടി നല്‍കുമെന്നാണ് ഭീഷണി. ഹമാസ് നടത്തിയതുപോലെ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുര്‍പത്‌വന്ദ് സിങ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പന്നൂനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!