നവ ദമ്പതികള്‍ക്ക് 1.6 ലക്ഷം, വീടിന് 5 ലക്ഷം: തെലങ്കാനയില്‍ ന്യൂനപക്ഷ വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വന്നാൽ ആറ് മാസത്തിനകം ജാതി സെൻസസ് നടത്തുന്നതിനു പുറമെ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതിവർഷം 4,000 കോടി രൂപയായി ബജറ്റ് വർധിപ്പിക്കുമെന്നാണ് തെലങ്കാന കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും തൊഴിൽ, വിദ്യാഭ്യാസം, സർക്കാർ പദ്ധതികൾ എന്നിവയിൽ ന്യായമായ സംവരണം ഉറപ്പാക്കുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ “ന്യൂനപക്ഷ പ്രകടനപത്രിക”യില്‍ പറയുന്നു. കൂടാതെ, തൊഴിലില്ലാത്ത ന്യൂനപക്ഷ യുവാക്കൾക്കും സ്ത്രീകൾക്കും സബ്‌സിഡിയുള്ള വായ്പ നൽകുന്നതിന് പ്രതിവർഷം 1,000 കോടി രൂപയും കോൺഗ്രസ് വാഗ്ദാനം ചെയ്തു.
അബ്ദുൾ കലാം തൗഫ-ഇ-താലീം പദ്ധതിക്ക് കീഴിൽ, എം ഫിൽ, പിഎച്ച് ഡി പ്രോഗ്രാമുകൾ പൂർത്തിയാക്കുമ്പോൾ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, മറ്റ് ന്യൂനപക്ഷ യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പാർട്ടി അറിയിച്ചു. ഇമാമുമാർ, മുഅജിൻസ്, ഖാദിംമാർ, പാസ്റ്റർമാർ, ഗ്രന്ഥികൾ തുടങ്ങി എല്ലാ മതങ്ങളിലെയും പുരോഹിതന്മാർക്ക് 10,000-12,000 രൂപ പ്രതിമാസ ഓണറേറിയം നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
ഉറുദു മീഡിയം അധ്യാപകരെ നിയമിക്കുന്നതിന് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് പുറമെ “തെലങ്കാന സിഖ് മൈനോറിറ്റി ഫിനാൻസ് കോർപ്പറേഷൻ” സ്ഥാപിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. ഭവനരഹിതരായ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്ഥലവും വീട് നിർമിക്കാൻ അഞ്ച് ലക്ഷം രൂപയും നൽകും. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട നവദമ്പതികൾക്ക് 1.6 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപനം കൂട്ടിച്ചേർത്തു.
അതേസമയം, സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി വ്യാഴാഴ്ച പുറത്തിറക്കി. പടഞ്ചെരു അസംബ്ലി മണ്ഡലത്തിൽ കട്ട ശ്രീനിവാസ് ഗൗഡിനെയും ചാർമിനാറിൽ മുഹമ്മദ് മുജീബ് ഉല്ലാ ഷെരീഫിനെയും മിരിയാലഗുഡയിൽ ബത്തുല ലക്ഷ്മ റെഡ്ഡിയെയും സൂര്യപേട്ടയിൽ രാംറെഡ്ഡി ദാമോദർ റെഡ്ഡിയെയും (എസ്‌സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റാണ്) തുംഗതുർത്തി മണ്ഡലത്തിൽ മണ്ഡുല സാമുവലിനെയും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.
ഒക്‌ടോബർ 15 നാണ് കോൺഗ്രസ് തങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. ആദ്യ പട്ടിക പ്രകാരം സംസ്ഥാന പ്രസിഡന്റും എംപിയുമായ രേവന്ത് റെഡ്ഡി കൊടങ്ങൽ നിയമസഭാ മണ്ഡലത്തിലും ആദം സന്തോഷ് കുമാർ സെക്കന്തരാബാദിലും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്.
ബി ആർ എസും കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ 88 ഉം നേടിയാണ് കെ ചന്ദ്ര ശേഖരറാവുവിന്റെ പാർട്ടി അധികാരത്തിലെത്തിയത് . മൊത്തം വോട്ട് ഷെയറിന്റെ 47.4 ശതമാനവും അവർ നേടി. 19 സീറ്റും 28.7 ശതമാനം വോട്ടും നേടി കോൺഗ്രസിനായിരുന്നു രണ്ടാം സ്ഥാനത്ത്.