ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട് ബിജെപിക്കാര്‍ ആക്രമിച്ചു; പോലീസ് അക്രമികളെ സഹായിച്ചു – എഎപി

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ‘ബിജെപി ഗുണ്ടകൾ’ ആക്രമിച്ചുവെന്ന് ആം ആദ്മി പാർട്ടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ജനാധിപത്യത്തിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവച്ച് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് ദുഃഖകരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ ടാഗ് ചെയ്തുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. സംഭവത്തെപ്പറ്റി ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്നും സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികൾ ആയവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനീഷ് സിസോദിയയും എഎപി നേതാവ് അതിഷിയും അടക്കമുള്ളവർ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അക്രമാസക്തരായ ജനക്കൂട്ടം മനീഷ് സിസോദിയയുടെ വീട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ മറികടന്ന് നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംഘത്തിലെ ഒരാൾ തോക്കുമായാണ് എത്തിയതെന്നും വീഡിയോയിൽ കാണാം.
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കഴിഞ്ഞ ദിവസം വീട്ടുതടങ്കലിൽ ആക്കിയതായി ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ പോലീസ് അത് നിഷേധിക്കുകയാണ് ഉണ്ടായത്.

