ചര്‍ച്ചയ്ക്ക് തയ്യാര്‍; എന്നാല്‍, കര്‍ഷകര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു – കൃഷിമന്ത്രി

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളിൽ കർഷകർക്ക് എതിർപ്പുള്ള കാര്യങ്ങളെപ്പറ്റി തുറന്ന മനസോടെ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. എന്നാൽ, പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ അവർ ഉറച്ചു നിൽക്കുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മണ്ഡിയുടെ വിലങ്ങുകളിൽനിന്ന് കർഷകരെ മോചിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അവരുടെ ഉത്പന്നം മണ്ഡിക്ക് പുറത്ത് എവിടെയും ആർക്കും എന്ത് വിലയ്ക്കും വിൽക്കാൻ കഴിയും. എപിഎംസി (അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) കളെയോ താങ്ങുവിലയേയോ പുതിയ നിയമങ്ങൾ ബാധിക്കില്ല. അക്കാര്യങ്ങളെല്ലാം കർഷക സംഘടനകളോട് വിശദീകരിക്കാൻ സർക്കാർ ശ്രമിച്ചു. ഉറപ്പുകൾ എഴുതി നൽകി. എന്നാൽ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ഒറ്റ ആവശ്യത്തിൽ അവർ ഉറച്ചു നിൽക്കുകയാണ്.
കൃഷി സംസ്ഥാന വിഷയമായതിനാൽ കേന്ദ്ര സർക്കാരിന് ഇത്തരത്തിലുള്ള നിയമം നിർമ്മിക്കാനാവില്ലെന്നും, പുതിയ നിയമങ്ങൾ അസാധുവാണെന്നും ചർച്ചയ്ക്കിടെ കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി. എന്നാൽ വ്യാപാരം സംബന്ധിച്ച നിയമം നിർമ്മിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന കാര്യം അവരോട് വിവരിച്ചു. കർഷകരുടെ കൃഷിഭൂമി വ്യവസായികൾ കൈയ്യടക്കും എന്നതാണ് കർഷക സംഘടനകളുടെ മറ്റൊരു ആശങ്ക. എന്നാൽ, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ദീർഘകാലമായി കരാർ കൃഷി നടക്കുന്നു. അവിടെയൊന്നും കൃഷിഭൂമി വ്യവസായികൾ കൈയടക്കിയിട്ടില്ല. പുതിയ നിയമപ്രകാരം കാർഷിക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടാണ് അവ സംസ്കരണം നടത്തുന്നവർ ധാരണയിൽ എത്തുന്നത്. കൃഷിഭൂമിയുമായി ബന്ധപ്പെട്ട പാട്ടക്കരാർ ഉണ്ടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നില്ല.
ർഷകരും ഉത്പന്നങ്ങൾ സംസ്കരിക്കുന്നവരും തമ്മിലുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ കൃഷിഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്കരണം നടത്തുന്നവർക്ക് സാധിക്കും. എന്നാൽ കരാറിന്റെ കാലാവധി കഴിയുന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ അവർ കൃഷിഭൂമിയിൽനിന്ന് നീക്കണം. അവ നീക്കം ചെയ്യാൻ തയ്യാറാകാത്തപക്ഷം കർഷകരെ സഹായിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്.
സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശകൾ 2006 ലാണ് വന്നത്. എന്നാൽ അവ നടപ്പാക്കാൻ തയ്യാറായത് മോദി സർക്കാരാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാം. താങ്ങുവില സമ്പ്രദായും തുടരുമെന്നകാര്യം പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുള്ളതാണെന്നും കൃഷിമന്ത്രി പറഞ്ഞു.
കാർഷിക ഉത്പന്നങ്ങൾ സ്വകാര്യ വിപണിയിൽ വിൽക്കാൻ പുതിയ നിയമങ്ങൾ കർഷകരെ നിർബന്ധിതരാക്കുമെന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. പുതിയ നിയമങ്ങൾ കർഷകർക്കുമേൽ ഒരുതരത്തിലുള്ള സമ്മർദ്ദവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

