മാറ്റിനിർത്തിയിട്ടില്ല, എല്ലാവർക്കും ചുമതല നൽകി, ചാണ്ടി ഉമ്മൻ പറഞ്ഞത് അന്വേഷിക്കും-രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാർട്ടിയുടെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഒരു ചർച്ചകളും നടന്നിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ചുമതലകളിൽ നിന്ന് ആരെയും മാറ്റിനിർത്തിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ ഉന്നയിച്ച വിഷയം പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പാര്‍ട്ടിയില്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഔദ്യോഗികമായി നടന്നിട്ടില്ല. ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയാണ് എന്നോടാരും ഈ കാര്യങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല, പല പേരുകളും മാധ്യമങ്ങളില്‍ വരുന്നുണ്ട്. അത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എന്തായാലും ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നതായി എനിക്ക് അറിയില്ല. പാര്‍ട്ടിക്കകത്ത് പല തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകും. കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണ്, രമേശ് ചെന്നിത്തല പറഞ്ഞു.
ചാണ്ടി ഉമ്മന്‍ ഉന്നയിച്ച വിഷയം എന്താണെന്ന് എനിക്ക് അറിയില്ല. വാര്‍ത്തയാണ് കണ്ടത്. അദ്ദേഹത്തോട് സംസാരിക്കാം. എല്ലാവര്‍ക്കും ചുമതല നല്‍കിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന് എന്തുകൊണ്ട് നല്‍കിയില്ല എന്നത് അന്വേഷിക്കാം. എല്ലാ എം.എല്‍.എമാര്‍ക്കും ചാര്‍ജ് കൊടുത്തതാണ്. ബോംബെയിലുണ്ടായിരുന്ന എം.എല്‍.എമാരെ പോലും തിരിച്ചുവിളിച്ച് ചാര്‍ജ് കൊടുത്തതാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല, രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു

