ഗോവയിലെ നിശാക്ലബിൽ 25 പേര് മരിച്ച അപകടം: സഹ ഉടമ അറസ്റ്റിൽ

പനജി: ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബില്‍ 25 പേരുടെ മരണത്തിന് കാരണമായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ഗോവ പോലീസ് ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്തു. ഗുപ്തയ്ക്കെതിരെ നേരത്തെ തന്നെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ഗോവയിലെ വസതിയില്‍ കാണാതായതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഡല്‍ഹി സ്വദേശിയാണ് ഇയാള്‍. നട്ടെല്ല് സംബന്ധമായ അസുഖം കാരണം ലജ്പത് നഗറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍ അജയ് ഗുപ്തയെ ഗോവയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ഗുപ്തയെ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. താന്‍ വെറുമൊരു പങ്കാളി മാത്രമായിരുന്നു എന്നും സംഭവവുമായി തനിക്ക് മറ്റൊന്നും അറിയില്ല എന്നാണ് അജയ് ഗുപ്ത പറഞ്ഞത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഇലക്ടോണിക് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.
മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ്. മരിച്ചവരില്‍ മൂന്ന് വിനോദസഞ്ചാരികളുമുണ്ടായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചത്.

