യുവതിയുടെ പരാതിയിലും മൊഴികളിലും വൈരുധ്യം: രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ സംശയമുന്നയിച്ച് കോടതി

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങൾ പുറത്ത്. എന്തുകൊണ്ടാണ് പോലീസില്‍ ആദ്യം പരാതിപ്പെടാതെ കെപിസിസിക്ക് പരാതി നല്‍കിയതെന്നും പരാതിനല്‍കാന്‍ എന്തുകൊണ്ട് വൈകിയെന്നും കോടതി ചോദിക്കുന്നു. യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറങ്ങിയ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് ഈ സംശയങ്ങളുള്ളത്. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ അടിമുടി സംശയം പ്രകടിപ്പിക്കുകയാണ് കോടതി. ബാലാത്സംഗം എന്ന ഗൗരവതരമായ കുറ്റകൃത്യമാണ് പ്രതിക്കെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിക്കുന്നു. പക്ഷേ, ഈ പരാതി ഉന്നയിക്കാന്‍ എടുത്ത കാലതാമസം, പരാതിയില്‍ പറയുന്ന കാര്യങ്ങളിലെ വൈരുധ്യം എന്നിവയാണ് കോടതിക്ക് സംശയത്തിനിടയാക്കിയത്.
പ്രഥമദൃഷ്ട്യാ തന്നെ ഈ കുറ്റാരോപണം സംശയാസ്പദമാണെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയില്‍ പരാതിനല്‍കാന്‍ വൈകിയതിന് കാരണമായി യുവതി പറയുന്നത് തനിക്ക് രാഹുലിനെയും രാഹുലിന്റെ സുഹൃത്തുക്കളെയും പേടിയുണ്ടെന്നാണ്. തന്റെ കുടുംബത്തെ ബാധിക്കുമെന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പിന്നീട് പറയുന്നു. എന്നാല്‍, രാഹുല്‍ തന്നെ എപ്പോഴെങ്കിലും വിവാഹം ചെയ്യും എന്നുള്ള പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു, അതുകൊണ്ടാണ് പരാതിനല്‍കാന്‍ വൈകിയതെന്നാണ് മറ്റൊരിടത്ത് പറയുന്നത്.
ഇത്തരത്തില്‍, പരാതി നല്‍കാനുള്ള കാലതാമസം സംബന്ധിച്ച് പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത്. പ്രോസിക്യൂഷന്‍ ചില ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ ചിലതെല്ലാം മാസ്‌ക് ചെയ്തിരിക്കുകയാണ്. ബലാത്സംഗം നടന്നു എന്ന് പറയുന്ന കാലത്തിന് ശേഷവും പ്രതിയും പരാതിക്കാരിയും നിരന്തരം ബന്ധം തുടര്‍ന്നതായി ഈ ചാറ്റുകളില്‍നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്തു എന്ന് പറയുന്ന ദിവസത്തിന് ശേഷവും പ്രതി തന്നെ വിവാഹം കഴിക്കും എന്ന് പെണ്‍കുട്ടി പ്രതീക്ഷിച്ചിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിക്കുന്നു. നികൃഷ്ടമായ ഉപദ്രവം നേരിട്ടിട്ടും അങ്ങനെ പ്രതീക്ഷിച്ചതിൽ പൊരുത്തക്കേടുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ.

