സ്വര്‍ണവില മുന്നോട്ടുതന്നെ; പവന് 240 രൂപ വർദ്ധിച്ച് 58,520 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. സ്വർണം ഗ്രാമിന് 7315 രൂപയും പവന് 58520 രൂപയുമാണ് ഇന്നത്തെ വിപണിവില. മൂന്നു ദിവസംകൊണ്ട് സ്വർണം പവന് 720 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്.
ഗ്രാമിന് 6030 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എന്നാൽ വെള്ളിവിലയ്ക്ക് മാത്രം മാറ്റമൊന്നും സംഭവിച്ചില്ല. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ വർഷം ഒക്ടോബർ 31ന് സ്വർണവില പവന് 59640 രൂപ എന്ന സർവകാല റെക്കാർഡ് കുറിച്ചിരുന്നു. ഈ നിരക്കിലെത്താൻ ഇനി 1120 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. ആഗോളതലത്തിൽ ഉണ്ടാകുന്ന അനിശ്ചിതത്വങ്ങളും സംഘർഷങ്ങളും യുഎസ് പലിശ നിരക്ക് സംബന്ധിച്ച ആശങ്കകളും സ്വർണ വിപണിയെ നേരിട്ട് ബാധിക്കുന്നു.