സൗദിയിലെ അബഹ വിമാനത്താവളത്തില്‍ ഭീകരാക്രമണം; യാത്രാവിമാനത്തിന് തീപിടിച്ചു

ജിദ്ദ: ഇറാൻ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി മലീഷ്യകൾ നടത്തിയ ഭീകരാക്രമണത്തിൽ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. വിമാനത്താവളത്തിലെ ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ്, ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും വ്യക്തമാക്കി.
‘ഹൂത്തികളുടെ ഭീഷണികളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,” പ്രസ്താവനയിൽ സഖ്യസേന വക്താവ് പറഞ്ഞു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകൾ സഖ്യസേന കഴിഞ്ഞ ദിവസം തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനയുടെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയ്ക്കെതിരെ ഹൂത്തി മലീഷ്യകൾ അടുത്തിടെ ആക്രമണം ശക്തമാക്കിയിരുന്നു. സൗദിക്കുനേരെ ഹൂത്തികൾ വിക്ഷേപിച്ച സ്ഫോടക വസ്തുക്കൾ നിറച്ച നാല് ഡ്രോണുകൾ സഖ്യസേന ഞായറാഴ്ച തടഞ്ഞിരുന്നു. ശനിയാഴ്ചയും ഒരു ഡ്രോൺ തടയുകയും തകർക്കുകയും ചെയ്തിരുന്നു.

