KSDLIVENEWS

Real news for everyone

യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് കഠുവ കൂട്ട ബലാത്സംഗക്കേസിലെ ഇരയുടെ കുടുംബം

SHARE THIS ON

ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് കഠുവ കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ വളർത്തച്ഛൻ മുഹമ്മദ് യൂസഫ്. രണ്ട് തവണ മാത്രം ഹാജരായ ദീപിക സിങ് രജാവത്തിന് ഒന്നര ലക്ഷത്തിൽ അധികം രൂപ നൽകിയതായി ഇരയുടെ അച്ഛൻ മുഹമ്മദ് അക്തറും കൂട്ടിച്ചേർത്തു.

2018-ൽ ആണ് യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ തങ്ങൾക്ക് നൽകിയതെന്ന് മുഹമ്മദ് യൂസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുറച്ച് തുക ചെക്ക് ആയും ബാക്കി പണമായുമാണ് നൽകിയത്. ഡൽഹിയിൽ വെച്ചായിരുന്നു ചെക്കും പണവും കൈമാറിയതെന്നും യൂസഫ് വ്യക്തമാക്കി. വളർത്തച്ഛനായിരുന്ന മുഹമ്മദ് യൂസഫിന്റെ സംരക്ഷണത്തിൽ ആയിരിക്കെയാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

നിലവിൽ മുബീൻ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകനെന്ന് ഇരയുടെ അച്ഛൻ മുഹമ്മദ് അക്തർ പറഞ്ഞു. ഫാറൂഖിയുടെ കേസ് നടത്തിപ്പിൽ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ ആദ്യഘട്ടത്തിൽ ദീപിക സിങ് രജാവത്ത് കുടുംബത്തിന്റെ അഭിഭാഷക ആയിരുന്നു. എന്നാൽ പലപ്പോഴും കോടതിയിൽ ഹാജരായിരുന്നില്ല. രണ്ടുതവണ മാത്രം കോടതിയിൽ ഹാജരായ ദീപികയെ തുടർന്ന് മാറ്റുകയായിരുന്നുവെന്നും മുഹമ്മദ് അക്തർ പറഞ്ഞു.

ദീപിക തങ്ങളോട് പണം ആവശ്യപ്പെട്ടിരുന്നതായി ഇരയുടെ ഇളയച്ഛൻ അംജദ് അലി ഖാൻ പറഞ്ഞു. ഒന്നര ലക്ഷത്തിൽ അധികം രൂപ ദീപികയ്ക്ക് നൽകിയിരുന്നതായും അദ്ദേഹം അറിയിച്ചു. തങ്ങൾക്ക് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന വിവാദങ്ങളെ കുറിച്ച് അറിയാമെന്നും ഇരയുടെ കുടുംബം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകാൻ മുസ്ലിം ലീഗ് പ്രവർത്തകരുടെ സഹായത്തോടെ ഡൽഹിയിൽ എത്തിയതായിരുന്നു കഠുവ കൂട്ടബലാത്സംഗ കേസിലെ ഇരയുടെ കുടുംബം.

കഠുവ-ഉന്നാവ് പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാൻ യൂത്ത് ലീഗ് സമാഹരിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണം യൂത്ത് ലീഗ് മുൻ ദേശീയസമിതിയംഗം യൂസഫ് പടനിലമാണ് ഉയർത്തിയത്. പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ.ഫിറോസും, ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈറും ദുർവിനിയോഗം ചെയ്തെന്നായിരുന്നു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!