സ്വർണക്കടത്ത് കേസ് ; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ

ദില്ലി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ശിവശങ്കറിന് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കും എന്നാണ് ഇഡിയുടെ വാദം. കസ്റ്റംസും ഇഡിയും രജസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

