പാലായില്‍ തന്നെ മത്സരിക്കും; നിലപാടിലുറച്ച് മാണി സി.കാപ്പന്

ന്യൂഡൽഹി: പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ. മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുൽ പട്ടേലുമായി ചർച്ച നടത്തിയ ശേഷം തീരുമാനിക്കും. ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ ആവർത്തിച്ചതോടെ എൽഡിഎഫ് സീറ്റ് നൽകിയില്ലെങ്കിൽ എന്തുചെയ്യുമെന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞു. അത് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുളളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചാണ് ശരദ് പവാറുമായുളള കൂടിക്കാഴ്ചയിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ അറിയിച്ചത്. മുന്നണി മാറ്റം അടക്കമുളള വിഷയങ്ങൾ ചർച്ചയായിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിൽ സംശയമുണ്ടെന്നാണ് സൂചനകൾ.
പാലാ സീറ്റ് സിപിഎം പിടിച്ചെടുക്കുമ്പോഴും അപമാനിക്കപ്പെട്ടുവെന്ന് കരുതുമ്പോഴും മുന്നണി വിടേണ്ടതുണ്ടോ എന്നാണ് ഇപ്പോഴും നിലനിൽക്കുന്ന സംശയം. ദോഹയിൽ നിന്ന് പ്രഫുൽ പട്ടേൽ തിരിച്ചെത്തുന്നതോടെ വിഷയത്തിൽ വിശദമായ ചർച്ച നടത്തി തീരുമാനമെടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതുവരെ ഡൽഹിയിൽ തുടരാൻ പീതാംബരൻ മാസ്റ്ററോടും മാണി സി.കാപ്പനോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇടതുമുന്നണിക്ക് വിജയ തുടർച്ചയുണ്ടെന്ന വിലയിരുത്തലുകളാണ് എൻസിപിയിലെ ആശയക്കുഴപ്പത്തിന് കാരണം. ആ ഘട്ടത്തിൽ മുന്നണി മാറുന്നത് ദോഷം ചെയ്യും എന്നും ദേശീയ നേതൃത്വം കരുതുന്നു.
അതേസമയം മുന്നണിമാറ്റം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എ.കെ.ശശീന്ദ്രൻ വിഭാഗം

