KSDLIVENEWS

Real news for everyone

സ്പിന്‍ ചുഴിയില്‍ ഓസീസ് വീണു; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ആധികാരിക വിജയം,

SHARE THIS ON

നാഗ്പുര്‍: സ്പിന്‍ ചുഴിയില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയം. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. രണ്ടാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ 91 റണ്‍സിന് പുറത്തായി. രണ്ടാമിന്നിങ്‌സിലും സ്പിന്നിന് മുന്നില്‍ വട്ടംകറങ്ങിയ ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത് ആര്‍ അശ്വിന്റെ ബൗളിങ്ങാണ്. 12 ഓവര്‍ എറിഞ്ഞ് അഞ്ച് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്തിരുന്ന അശ്വിന്‍ ആകെ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. 51 പന്തില്‍ 25 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് പുറത്താകാതെ പിടിച്ചുനിന്നത്. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. അഞ്ച് റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജ, പത്ത് റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 17 റണ്‍സ് നേടി മാര്‍നസ് ലബൂഷെയ്ന്‍, രണ്ട് റണ്‍സ് മാത്രം അക്കൗണ്ടിലെത്തിച്ച മാറ്റ് റെന്‍ഷാ, ആറ് റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, 10 റണ്‍സെടുത്ത അലക്‌സ് കാരി, ഒരു റണ്ണുമായി പാറ്റ് കമ്മിന്‍സ്, രണ്ട് റണ്‍സെടുത്ത ടോഡി മര്‍ഫി, എട്ടു റണ്‍സെടുത്ത നഥാന്‍ ലിയോണ്‍, അക്കൗണ്ട് തുറക്കാത്ത സ്‌കോട്ട് ബോളണ്ട് എന്നിങ്ങനെ ദുര്‍ബലമായിരുന്നു ഓസീസിന്റെ ബാറ്റിങ്. നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തലേദിവസത്തെ സ്‌കോറിനോട് നാല് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ ജഡേജ (185 പന്തില്‍ 70) പുറത്തായി. പിന്നീട് മുഹമ്മദ് ഷമിയും അക്‌സര്‍ പട്ടേലും ചേര്‍ന്നാണ് സ്‌കോര്‍ 400-ല്‍ എത്തിച്ചത്. അക്‌സര്‍ 174 പന്തില്‍ 84 റണ്‍സ് അടിച്ചെടുത്തു. ഷമി 47 പന്തില്‍ 37 റണ്‍സ് നേടി. ഓസീസിനായി ടോഡ് മര്‍ഫി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ജഡേജയുടെ ബൗളിങ്ങിന് മുന്നില്‍ പതറിയ ഓസ്‌ട്രേലിയ 177 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടേയും രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയൂടേയും മികവില്‍ ഇന്ത്യ 400 റണ്‍സ് അടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!