ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻ. വാസുവും പുറത്തേക്ക്: സ്വാഭാവിക ജാമ്യം; എസ്.ഐ.ടി.ക്ക് തിരിച്ചടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മിഷണറും പ്രസിഡന്റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതികളിൽ അഞ്ചാമത്തെയാളാണ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം നേടി പുറത്തുവരുന്നത്. കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി, ഉപാധികളോടെയാണ് ജാമ്യം.
കട്ടിളപ്പാളിക്കേസിലെ മൂന്നാംപ്രതിയാണ് വാസു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തത് പഴുതാക്കിയാണ് വാസുവും പുറത്തിറങ്ങുന്നത്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജിയിൽ വാദം പൂർത്തിയാക്കിയാണ് ജാമ്യമനുവദിച്ചുള്ള ഉത്തരവുണ്ടായത്. അതേസമയം, കേസിലെ മറ്റു പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി.
നേരത്തേ, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

