KSDLIVENEWS

Real news for everyone

പ്രസംഗിക്കാൻ വിളിച്ചത് വൈകി: നീരസം പ്രകടിപ്പിച്ച് ഷാഫി; ഡിസിസി സെക്രട്ടറിയുമായി വേദിയിൽ തർക്കം

SHARE THIS ON

കോഴിക്കോട്: വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.

തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. ‘വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു.

പിന്നീട് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ‘പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ’ ഷാഫി പറഞ്ഞു.

എന്നാൽ യാതൊരു പരിഭവം പറച്ചിലും അവിടെ ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പ്രതികരിച്ചു. സ്വീകരണ സമ്മേളനം വൈകിയപ്പോൾ ഇനി തന്നെ വിളിക്കേണ്ട എന്ന് ഷാഫി പറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഞങ്ങളുടെ പ്രതീക്ഷയേക്കാൾ ആളുകൾ എത്തിയപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടായി എന്നത് സത്യമാണെന്ന് പ്രമോദ് കക്കട്ടിൽ പ്രതികരിച്ചു. ‘ജാഥാ ക്യാപ്റ്റൻ വന്ന് കഴിഞ്ഞാൽ പിന്നീട് ആരും സംസാരിക്കേണ്ടതില്ലെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. കുറേ നേതാക്കന്മാർ വേദിയിലുണ്ടായിരുന്നു. സീനിയറായ എം.കെ.രാഘവൻ സംസാരിച്ചു. പിന്നീട് ഷാഫി പറമ്പിലായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. സമയം വൈകിയത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ വിളിച്ചത്’ പ്രമോദ് കക്കട്ടിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!