എപ്സ്റ്റീനെ കണ്ടിട്ടുണ്ട്: പക്ഷേ അത് ഔദ്യോഗികം; രാഹുലിന് മറുപടിയുമായി ഹര്‍ദീപ് സിംഗ് പുരി

ന്യുഡല്‍ഹി: ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായോ അദ്ദേഹത്തിന്റെ വിവാദ ദ്വീപുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയില്‍ വ്യക്തമാക്കി.
2026 ഫെബ്രുവരിയില്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ എപ്സ്റ്റീൻ ഫയലുകളില്‍ തന്റെ പേരുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2009 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡറായിരുന്നപ്പോള്‍ മൂന്നോ നാലോ തവണ എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള ‘ഇൻഡിപെൻഡന്റ് കമ്മീഷൻ ഓണ്‍ മള്‍ട്ടി ലാറ്ററലിസത്തിന്റെ’ (ICM) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഈ കൂടിക്കാഴ്ചകള്‍. എപ്സ്റ്റീന് ഒരു തവണ ഇമെയില്‍ അയച്ചിരുന്നു എന്നത് സത്യമാണ്. ഇന്ത്യയിലെ ബിസിനസ് അവസരങ്ങളെക്കുറിച്ചും ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയെക്കുറിച്ചും സംസാരിക്കാനാണ് അന്ന് ശ്രമിച്ചത്. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിനെക്കുറിച്ചുള്ള പരാമർശങ്ങള്‍ കേട്ടറിവ് മാത്രമാണ്. അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അന്ന് അറിവില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റ് ചർച്ചയ്ക്കിടെ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി എപ്സ്റ്റീൻ വിഷയം ഉന്നയിച്ചത്. മോദി സർക്കാർ രാജ്യം ട്രംപിന് വിറ്റെന്നും എപ്സ്റ്റീൻ ഫയലുകളില്‍ ഹർദീപ് സിംഗ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ ഉണ്ടെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി സമ്മർദ്ദത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

