കോൺഗ്രസ് വരണമെന്ന് പറയാൻ എന്റെ ബുദ്ധിക്ക് തകരാറുണ്ടാവണം: ഇന്നസെന്റ്

SHARE
തൃശൂർ∙ തിരഞ്ഞെടുപ്പ് ആവേശം ശക്തമായതോടെ സൈബർ ഇടങ്ങളിൽ മൂന്നു മുന്നണികളും സജീവമാണ്. ട്രോളുകളും പോസ്റ്റുകളും വ്യാജപോസ്റ്റുകളുമായി സൈബർ പ്രചാരണം അണികൾ ഏറ്റെടുക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ തന്റെ പേര് വച്ച് പ്രചരിക്കുന്ന ഒരു പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി കുറിപ്പിട്ടിരിക്കുകയാണ് നടനും മുൻ എംപിയും കൂടിയായ ഇന്നസെന്റ്. തന്റെ ഔദ്യോഗിക പേജിലൂടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
‘കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്റെ ചില പരസ്യങ്ങൾ തെറ്റിപ്പോയി എന്ന് തോന്നുന്നു.– ഇന്നസെന്റ്’ ഇതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റ്.
ഇതിന് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ
‘ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റെയും വികസനത്തിന്റെയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.’ അദ്ദേഹം കുറിച്ചു.