മാഹി ബൈപ്പാസിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് ജനങ്ങള്‍ക്കറിയാം, അത് മായ്ച്ചുകളയാനാകില്ല- മന്ത്രി റിയാസ്

കോഴിക്കോട്: മാഹി ബൈപ്പാസ് യാഥാര്‍ഥ്യമായതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് ജനങ്ങള്‍ക്ക് അറിയാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികസന പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. ഇത് എവര്‍ റോളിങ് ട്രോഫിക് വേണ്ടിയുളള പോരാട്ടവുമല്ലെന്ന് റിയാസ് പറഞ്ഞു. മാഹി ബൈപ്പാസിന്റെ ക്രെഡിറ്റ് സംബന്ധിച്ച് ഉയരുന്ന പ്രചാരണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേരളം കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ദേശീയപാതാ അതോറിറ്റി അവരുടെ ഓഫീസ് പൂട്ടി പോയി. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ല എന്നതായിരുന്നു അവരുടെ പ്രധാന പ്രശ്‌നം. 2016 എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍, മുടങ്ങിയ എന്‍എച്ച് 66 യാഥാര്‍ത്ഥ്യമാക്കുമെന്ന കാര്യം പ്രകടനപത്രിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് പലരും അതിനെ പരിഹസിച്ചു. ഇത് നടക്കുന്ന കാര്യമാണോ എന്ന് ചോദിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടുകൂടി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 5,600 കോടി രൂപ ഒരു സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന് ഫണ്ട് വിനിയോഗിച്ചു എന്നും റിയാസ് പറഞ്ഞു.
ദേശീയപാതയുടെ പ്രവൃത്തികള്‍ എല്ലാ രണ്ടാഴ്ചയിലും റിവ്യൂ ചെയ്തുവരുന്നുണ്ട്. ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്നുകൊണ്ട് ഞങ്ങള്‍ ഒരു ടീമായി നില്‍ക്കുകയാണ്. എല്ലാവരും ഒരു ടീമായി നിന്നതുകൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമായത്. ഈ പദ്ധതി നാടിന്റെ മുഖച്ഛായ മാറ്റും. എവര്‍ റോളിങ് ട്രോഫിക്കുവേണ്ടിയല്ല ഞങ്ങള്‍ വികസനപ്രവര്‍ത്തനം നടത്തുന്നത്. വികസന പ്രവര്‍ത്തനം ആര്‍ക്കെങ്കിലും കപ്പ് കിട്ടാനുള്ള മത്സരം അല്ലെന്നും റിയാസ് പറഞ്ഞു.
ഞങ്ങളെ ഏല്‍പ്പിച്ച പണി ഞങ്ങള്‍ ചെയ്യും. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്, എല്ലാം മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ ഇത് മറ്റാരും തൊടേണ്ട, ഞങ്ങള്‍ മാത്രം മതി എന്നൊരു കാഴ്ചപ്പാട് ചിലര്‍ക്കുണ്ട്. അത് നാടിന് ഭൂഷണമാണോ എന്നും റിയാസ് ചോദിച്ചു. എന്‍എച്ച് 66 വികസന പ്രവര്‍ത്തനത്തിന് സംസ്ഥാനം ഫണ്ട് നല്‍കിയില്ല എന്നതാണ് ആദ്യം നടത്തിയ പ്രചാരണം. ഫണ്ട് സംസ്ഥാനം തന്നു എന്ന് ബിജെപിയുടെ അനിഷേധ്യ നേതാവായ മന്ത്രി നിധിന്‍ ഖഡ്കരി തന്നെ പറഞ്ഞു. അതുവരെ വ്യാജ പ്രചാരണം നടത്തിയവര്‍ യഥാര്‍ത്ഥത്തില്‍ മാപ്പുപറയുകയല്ലേ വേണ്ടതെന്നും റിയാസ് ചോദിച്ചു. പാര്‍ലമെന്റ് രേഖ പരിശോധിച്ചാല്‍ പ്രചാരണങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി കിട്ടും. റോഡ് നിരോധന മേഖലയല്ല, ഏത് പാര്‍ട്ടിക്കും അതിലെ റോഡ് ഷോ നടത്താനുള്ള അവകാശമുണ്ട്. അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലൂടെ കടന്നു പോകുന്നതാണ് ഈ പദ്ധതി. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഈ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. പുള്ളിമാന്റെ പുള്ളി തേച്ചുമായ്ച്ചുകളഞ്ഞാലും പോകില്ല എന്നതുപോലെ, ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ എത്ര തേച്ചാലും മായ്ച്ചാലും പോകി. അതിനു പറ്റിയ റബ്ബറോ അതിനു പറ്റിയ യന്ത്രമോ ഇപ്പോള്‍ ലോകത്തില്ലെന്നും റിയാസ് പറഞ്ഞു.