KSDLIVENEWS

Real news for everyone

കട്ടപ്പന ഇരട്ടക്കൊലപാതകം; മകളുടെ കൈവേദന മാറ്റിയ ‘മന്ത്രവാദി’, വിവാഹം കഴിക്കാതെ കുഞ്ഞുണ്ടായതിൽ ദുരഭിമാനം; വീണ്ടും തിരച്ചിൽ

SHARE THIS ON

കട്ടപ്പന: കാഞ്ചിയാറിലെ ഇരട്ടക്കൊലക്കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായി വീണ്ടും തിരച്ചില്‍ ആരംഭിച്ചു. സാഗര ജങ്ഷന് സമീപത്തെ വീട്ടുവളപ്പിലെ തൊഴുത്ത് കുഴിച്ചാണ് വീണ്ടും പരിശോധന തുടങ്ങിയത്. കഴിഞ്ഞദിവസം രാത്രി വൈകുവോളം ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിരുന്നില്ല. ഇതിനിടെ, കേസിലെ മുഖ്യപ്രതി നിതീഷ് മൊഴി മാറ്റിപ്പറഞ്ഞതും പോലീസിനെ കുഴക്കിയിരുന്നു. തൊഴുത്തില്‍ മറവുചെയ്ത മൃതദേഹം പിന്നീട് ആരുമറിയാതെ മറ്റൊരിടത്ത് കുഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ പുതിയ മൊഴി. എന്നാല്‍, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.  തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് തൊഴുത്ത് പൊളിച്ച് വീണ്ടും പരിശോധന തുടങ്ങിയത്. തൊഴുത്തിലെ കോണ്‍ക്രീറ്റ് നിലം മുഴുവനായി പൊളിച്ചുമാറ്റിയാണ് തിരച്ചില്‍ നടക്കുന്നത്. തിങ്കളാഴ്ച പരിശോധന ആരംഭിച്ചെങ്കിലും കേസിലെ പ്രതികളെ സ്ഥലത്ത് എത്തിച്ചിരുന്നില്ല. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിജയനെയും (60) ഇദ്ദേഹത്തിന്റെ മകളുടെ നവജാതശിശുവിനെയുമാണ് കൊന്ന് കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ വിജയന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും കേസിലെ പ്രധാനപ്രതിയുമായ പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ നിതീഷിന്റെ (രാജേഷ്-31) സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞദിവസത്തെ പരിശോധന. കൊല്ലാനുപയോഗിച്ചെന്ന് കരുതുന്ന ചുറ്റികയും ഇവിടെനിന്ന് കണ്ടെത്തി. തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി, വിജയനും കുടുംബവും മുമ്പ് താമസിച്ചിരുന്ന സാഗര ജങ്ഷന് സമീപമുള്ള വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചത്. അച്ഛനെയും സഹോദരിയുടെ മകനെയും കൊന്നു എന്ന കേസില്‍ വിജയന്റെ മകന്‍ വിഷ്ണു(29)വും പ്രതിയാണ്. വിജയന്റെ ഭാര്യ സുമ(57)യുടെപേരിലും കേസുണ്ട്. കുഞ്ഞിന്റെ കൊലപാതകത്തില്‍ വിജയന് പങ്കുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മൂന്നായി ഒടിച്ചുമടക്കിയ മൃതദേഹം…  വിജയന്റെ മൃതദേഹം മൂന്നായി ഒടിച്ചുമടക്കി കാര്‍ഡ്‌ബോഡില്‍ പൊതിഞ്ഞ് ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചനിലയിലായിരുന്നു. അഞ്ചടി താഴ്ചയില്‍ കിടന്ന മൃതദേഹം 90 ശതമാനവും ദ്രവിച്ചു. പാന്റ്‌സും ഷര്‍ട്ടും ബെല്‍റ്റുമുണ്ടായിരുന്നു. തലയോട്ടി വേര്‍പെട്ടുപോയി. ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈ.എസ്.പി. പി.ബി. ബേബി എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ തോമസ്, അസി. സര്‍ജന്‍ ജോമോന്‍ ജേക്കബ് എന്നിവര്‍ മൃതദേഹം പരിശോധിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  കുഞ്ഞിനെ കൊന്നത് ദുരഭിമാനത്തിന്റെപേരില്‍ 2016 ജൂലായിലാണ് ആദ്യകൊലപാതകം നടന്നത്. നിതീഷിന്, വിജയന്റെ മകളിലുണ്ടായ ആണ്‍കുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കകം കൊന്നു എന്നാണ് കേസ്. വിവാഹംകഴിക്കാതെ കുഞ്ഞുണ്ടായതിനാല്‍ ദുരഭിമാനത്തിന്റെപേരിലാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. നിതീഷാണ് കുഞ്ഞിനെ തുണി മുഖത്തുകെട്ടി ശ്വാസംമുട്ടിച്ച് കൊന്നതെന്നും കുഞ്ഞിന്റെ കാലിലും കൈയിലും പിടിച്ചത് വിജയനും മകന്‍ വിഷ്ണുവുമായിരുന്നുവെന്നും കേസില്‍ പറയുന്നു. കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീട്ടില്‍ കുഴിച്ചിട്ടുവെന്നാണ് നിതീഷിന്റെ മൊഴി. പിന്നീട് ഈ വീട് ഒരുകോടിയോളം രൂപയ്ക്ക് വിറ്റു. ഈ പണത്തിന്റെ വലിയൊരുപങ്ക് മന്ത്രവാദിയായ നിതീഷ്, പൂജാകര്‍മങ്ങള്‍ക്ക് എന്നപേരില്‍ വാങ്ങിയിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് വിജയന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 2023 ഓഗസ്റ്റിലാണിത് നടന്നത്. വിജയനെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് താഴെയിട്ടതിനുശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.  രണ്ടുദിവസത്തിനുശേഷമാണ് മൃതദേഹം വീടിന്റെ തറതുരന്ന് കുഴിച്ചിട്ടത്. മൃതദേഹം കുഴിച്ചിടാന്‍ സുമയും വിഷ്ണുവും കൂട്ടുനിന്നെന്നും നിതീഷ് മൊഴിനല്‍കിയിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് കട്ടപ്പനയിലെ വര്‍ക്ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നിതീഷും വിഷ്ണുവും പോലീസ് പിടിയിലായത്. ഇവരെ ചോദ്യംചെയ്ത കട്ടപ്പന സി.ഐ. എന്‍. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.  മന്ത്രവാദത്തിലൂടെ വിശ്വാസം നേടി; കുടുംബത്തെ സമൂഹത്തില്‍നിന്ന് അകറ്റി കട്ടപ്പന: കൊല്ലപ്പെട്ട വിജയനും കുടുംബത്തിനും നിതീഷിനെ മുമ്പുതന്നെ അടുത്ത പരിചയമുണ്ട്. ഇരുകൂട്ടരും നഗരത്തില്‍ താമസിക്കുന്നവരാണ്. എന്നാല്‍, നിതീഷിന് ഈ കുടുംബത്തില്‍ വലിയ സ്ഥാനവും വിശ്വാസവും കിട്ടാനുള്ള കാരണം മറ്റൊന്നാണ്. കുടുംബത്തിന്റെ അന്ധവിശ്വാസം. ദുര്‍മന്ത്രവാദിയായ നിതീഷ് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അവര്‍ വിശ്വസിച്ചിരുന്നുവെന്നാണ് വിവരം.  ഒറ്റപ്പെടുത്തി നിതീഷ് അടുത്തതോടെ കുടുംബം എല്ലാ തരത്തിലും സമൂഹത്തില്‍നിന്ന് അകന്നു. ബന്ധുക്കളുമായുള്ള സ്‌നേഹബന്ധം ഇല്ലാതായി. വര്‍ഷങ്ങളായി ഇവര്‍ക്ക് ആരുമായും അടുപ്പമില്ല. വിജയന്റെ മകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈവേദന വന്നപ്പോള്‍ നിതീഷിന്റെ പൂജയിലൂടെ ഇത് മാറി എന്നാണ് കുടുംബം വിശ്വസിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വിജയന്റെ മകനും മറ്റൊരു പ്രതിയുമായ വിഷ്ണുവിന് അത്ര വലിയ വിശ്വാസം ഇല്ലായിരുന്നു. എന്നാല്‍, നിതീഷിന്റെ കൂടെക്കൂടി അന്ധവിശ്വാസങ്ങളിലേക്ക്് മാറിയെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. നിതീഷുമായുള്ള കൂട്ട് അപകടമാണെന്ന് ബന്ധുക്കളില്‍ പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിജയനും കുടുംബവും അത് കാര്യമാക്കിയില്ല.  ഇതിനിടെ വിജയന്റെ മകളുമായി നിതീഷ് അടുപ്പം സ്ഥാപിച്ചു. ഇവര്‍ക്ക് കുട്ടിയുണ്ടാകുകയും ചെയ്തു. ഈ കുഞ്ഞിനെയാണ് ദുരഭിമാനത്തിന്റെ പേരില്‍ ജനിച്ച് ദിവസങ്ങള്‍ക്കകം നിതീഷ് ശ്വാസംമുട്ടിച്ച് കൊന്നത്. വിജയന്റെ സാഗര ജങ്ഷന് സമീപമുള്ള വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. മൃതദേഹം ഇവിടത്തെ തൊഴുത്തില്‍ കുഴിച്ചുമൂടിയെന്നാണ് മൊഴി. വിജയനും മകന്‍ വിഷ്ണുവും കുഞ്ഞിനെ കൊല്ലാന്‍ സഹായിച്ചുവെന്നും നിതീഷിന്റെ മൊഴിയിലുണ്ട്. പിന്നീട് ഈ വീട് വിറ്റു. ഈ പണത്തിലെ വലിയ പങ്ക്, പൂജയ്‌ക്കെന്ന പേരില്‍ നീതീഷ് വാങ്ങിയെടുത്തു. പലയിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചു. എട്ടുമാസം മുന്‍പാണ് കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെയും നിതീഷ് ദുര്‍മന്ത്രവാദം നടത്തി. ഇവിടെയും അയല്‍വാസികളുമായി ഒരു ബന്ധവുമില്ലായിരുന്നു. തൊട്ടപ്പുറത്തുള്ള വീട്ടില്‍ കുടിവെള്ളത്തിനായി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിഷ്ണു പോകുമായിരുന്നു. ആ വീട്ടുകാരോടും വിഷ്ണു അധികം മിണ്ടിയിട്ടില്ല. സ്ത്രീകള്‍ വീടിന് പുറത്ത് വരില്ലായിരുന്നു. ആകെ ദുരൂഹത നിറഞ്ഞ ജീവിതം. പോലീസ് കണ്ടത് മോഷണക്കേസില്‍ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ് പോലീസ് വാടകവീട്ടിലേക്ക് എത്തുന്നത്. കുടുസുമുറിയില്‍ സ്ത്രീകളെ അടച്ചിട്ട നിലയില്‍ കണ്ടെത്തി. സ്റ്റൗവും ഭക്ഷ്യവസ്തുക്കളും മുറിയിലുണ്ടായിരുന്നു. വീട്ടില്‍ ചാക്കുകെട്ടുകളും വസ്ത്രങ്ങളും ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങളും ചിതറിക്കിടന്നു. കറുത്ത പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു രണ്ട് മുറികള്‍. ഇതില്‍ കൂടുതലും പൂജാ വസ്തുക്കളും രൂപങ്ങളും പുസ്തകങ്ങളുമായിരുന്നു. വിജയനെ കൊന്ന് കുഴിച്ചുമൂടിയത് ഈ വീടിന്റെ തറയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!