ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ: 5 ജിബി ഡാറ്റയും ജിയോഹോട്സ്റ്റാര്‍ സബ്സ്ക്രിപ്ഷനും 100 രൂപയ്ക്ക്

ഇന്ത്യയിലെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. തങ്ങളുടെ പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറിലെ കണ്ടന്റുകള്‍ കൂടി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ചെലവുകുറഞ്ഞ വിധത്തില്‍ ലഭ്യമാകുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജിയോഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ കൂടി പുതിയ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസവ്യവസ്ഥയിലോ വാര്‍ഷികവ്യവസ്ഥയിലോ ജിയോഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് ഒ.ടി.ടി. സ്ട്രീമിങ് സൗജന്യമായി ലഭ്യമാകുമെന്നാണ് വിവരം. 100 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് 90 ദിവസത്തെ ആഡ്- സപ്പോര്‍ട്ടഡ് ജിയോഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ കൂടി ലഭിക്കും.
90 ദിവസത്തെ കാലാവധി പ്ലാന്‍ നല്‍കുന്നുണ്ടെങ്കിലും ഡാറ്റ സൗജന്യങ്ങള്‍ മാത്രമാണ് ഈ ഓഫറില്‍ ലഭിക്കുക.. 5ജിബി ഹൈസ്പീഡ് ഇന്റര്‍നെറ്റും പ്ലാനില്‍ ലഭിക്കും. അനുവദിച്ചിരിക്കുന്ന ഡാറ്റാപരിധി കഴിയുന്നതോടെ ഡൗണ്‍ലോഡ് സ്പീഡ് 64കെബിപിഎസ് ആയി കുറയുമെന്ന് കമ്പനി വ്യക്തമാക്കി. എങ്കിലും പ്ലാനിനൊപ്പം ലഭ്യമാകുന്ന ജിയോഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ മൊബൈല്‍ ഫോണിലും ടിവിയിലും ലഭ്യമാകും.
പ്രതിമാസം 149 രൂപയിലാണ് ജിയോഹോട്‌സ്റ്റാറിന്റെ ആഡ്-സപ്പോര്‍ട്ട് പ്ലാന്‍ തുടങ്ങുന്നത്. 720പി റെസൊല്യൂഷനില്‍ ഒരു മൊബൈല്‍ ഡിവൈസില്‍ മാത്രമാണ് ഈ പ്ലാനില്‍ ഒ.ടി.ടി സ്ട്രീമിങ് ലഭ്യമാകുന്നത്. പ്രതിമാസം 299 രൂപയ്ക്കും പ്രതിവര്‍ഷം 1499 രൂപയ്ക്കുമാണ് ഡിയോഹോട്‌സ്റ്റാറിന്റെ പ്രീമിയം പ്ലാനുകള്‍ ലഭിക്കുന്നത്. സിനിമ, ആനിമേ, ഡോക്യുമെന്ററികള്‍, ലൈവ് സ്‌പോര്‍ട്‌സ് കവറേജ് തുടങ്ങിയവ ഉള്‍പ്പെടുന്ന 3,00,000 മണിക്കൂറിന്റെ സ്ട്രീമിങ് ആണ് പ്രീമിയം പ്ലാനിലൂടെ അനുവദിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
കൂടുതല്‍ ഡാറ്റ ആഗ്രഹിക്കുന്നവര്‍ക്ക് 195 രൂപ നല്‍കി ഉയര്‍ന്ന നിരക്കിലുള്ള പ്ലാനുകളുടെ റീചാര്‍ജിനുള്ള സൗകര്യവും പുതിയ പ്ലാനില്‍ ലഭ്യമാണ്. 15ജിബി ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ഡാറ്റ പായ്ക്ക് ആയാണ് പുതിയ പ്ലാന്‍ ആദ്യം കമ്പനി അവതരിപ്പിച്ചത്. വോയ്‌സ് കോളിങ്ങും എസ്.എം.എസും നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ലഭ്യമാണ്. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പ്രതിദിനം 100 എസ്.എം.എസ്., പ്രതിദിനം 2 ജിബി ഡാറ്റ എന്നീ സൗകര്യങ്ങള്‍ 90 ദിവസത്തേക്ക് ഈ റീചാര്‍ജ് പ്ലാനില്‍ ലഭിക്കും.