ഡോക്ടറിൽനിന്ന് കോടികൾ തട്ടിയ കേസിൽ ഒരാൾകൂടി പിടിയിൽ: പിടികൂടിയത് സാഹസികമായി

കാസർകോട്: സമൂഹ മാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്തു തമിഴ്നാട് വെല്ലൂർ സ്വദേശിയും കാസർകോട്ടെ താമസക്കാരനുമായ ഡോക്ടറിൽ നിന്നു 2.23 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി സുനിൽകുമാർ ജെൻവറിനെയാണ് (24) സൈബർ ക്രൈം എസ്ഐ എം.വി.ശ്രീദാസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 5 ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ രാജസ്ഥാനിലെ ജോധ്പുരിൽ നിന്നു പിടികൂടി കാസർകോട്ടേക്കു എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. രാജസ്ഥാനിലെ ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇതോടെ ഈ കേസിൽ പിടികൂടിയ പ്രതികളുടെ എണ്ണം രണ്ടായി. ബാര മാങ്ങാട് താമരക്കുഴിയിലെ താമസക്കാരൻ പയ്യന്നൂർ കവ്വായി എടി ഹൗസിൽ എ.ടി.മുഹമ്മദ് നൗഷാദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടിയത് സാഹസികമായി
ഡോക്ടറുടെ അക്കൗണ്ടിൽ നിന്നു പ്രതിയായ സുനിൽകുമാറിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിയത് 18 ലക്ഷത്തോളം രൂപയാണെന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയുടെ അക്കൗണ്ടിലെത്തിയ പണം ചെക്ക് ഉപയോഗിച്ച് പിൻവലിച്ചിരുന്നു. പ്രതിയെ തേടി രാജസ്ഥാനിലെത്തിയ അന്വേഷണ സംഘത്തിന് ആദ്യം ലഭിച്ച മേൽവിലാസത്തിലെത്തിയപ്പോഴേക്കും ഈ കുറ്റകൃത്യത്തിനു ശേഷം അവിടെ നിന്നു മാറിത്താമസിക്കുകയാണെന്നു വിവരം ലഭിച്ചു.തുടർന്നു അവിടെ നിന്നു കിട്ടിയ വിലാസത്തിൽ അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. കൂടുതൽ അന്വേഷണം നടത്തിയതോടു കൂടി ഭാഗസ്ഥനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരിടത്ത് വാടകയ്ക്ക് താമസിക്കുകയാണെന്ന വിവരമാണ് ലഭിച്ചത്.കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടക വീട് തേടിപ്പിടിച്ച് അന്വേഷണ നടത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയപ്പോൾ പ്രതിയുടെ അച്ഛനു സുഖമില്ലാതെ ജോധ്പൂരിലുള്ള ആശുപത്രിയിൽ ചികിത്സയിലാണെ വിവരം കിട്ടി.
ജോധ്പുരിലെ പ്രധാനപ്പെട്ട ആശുപത്രികൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയതിൽ 99 ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന എംഡിഎം ആശുപത്രിയിൽ ചികിത്സയിലാണെന്നു തിരിച്ചറിഞ്ഞു.2 ദിവസം ഇവിടെ ക്യാംപ് ചെയ്തു നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പ്രതിയെ ആശുപത്രിയിൽ നിന്നു പിടികൂടിയത്. ഈ വിവരം അറിഞ്ഞു ബന്ധുക്കളും നാട്ടുകാരും തടയാൻ എത്തിയെങ്കിലും അവിടെയുള്ള പൊലീസിന്റെ സഹായത്തോടെ കാസർകോട്ടേക്കു എത്തിക്കുകയായിരുന്നു.ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, ജില്ലാ ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡിവൈഎസ്പി എം.സുനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐയെ കൂടാതെ എഎസ്ഐ കെ.പ്രശാന്ത്,സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.നാരായണൻ, എം.ദിലീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പിടികൂടാനായി 8 ദിവസമാണ് പൊലീസ് സംഘം രാജസ്ഥാനിലെ വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയത്.ഡോക്ടറിൽ നിന്നു 2.23 കോടി രൂപയിൽ നിന്നു ഇതുവരെ പ്രതികളുടെ അക്കൗണ്ടിൽ നിന്നായി വീണ്ടെടുത്ത് പരാതിക്കാരനു നൽകിയത് 13 ലക്ഷം രൂപയാണ്.