ഇറാനെതിരെയുള്ള ആക്രമണം നിയമവിരുദ്ധം: മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തരകൊറിയ

പ്യോങ്‌യാങ്: ഇറാൻ്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുജ്തബ ഖാംനഈക്ക് പിന്തുണ അറിയിച്ച് ഉത്തരകൊറിയ. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണം നിയമവിരുദ്ധമാണെന്നെന്നും അപലപിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി.
മുജ്‌തബ ഖാംനഈയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെ പ്യോങ്യാങ് ബഹുമാനിക്കുന്നുവെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഇറാനിയൻ ജനതയുടെ അവകാശത്തെയും തീരുമാനത്തെയും ബഹുമാനിക്കുന്നു. ഇറാനെതിരെ നിയമവിരുദ്ധ സൈനിക ആക്രമണം നടത്തുന്നതിലൂടെ, സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ ഇളക്കുകയും അന്താരാഷ്ട്ര തലത്തിൽ അസ്ഥിരത വർദ്ധിപ്പിക്കുകയുമാണ് അമേരിക്കയും ഇസ്രായേലും. ഇത്തരം പ്രവൃത്തികളെ അപലപിക്കുന്നു’- ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കുന്നു.
ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രാദേശിക അഖണ്ഡതയെയും തകർക്കുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല, ലോകം മുഴുവൻ ഇതിനെ തള്ളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്തെ ഏറ്റവും പുതിയതും വലുതുമായ നേവൽ ഡിസ്ട്രോയറായ ചോയ് ഹ്യോനില്‍ നിന്ന് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ പരീക്ഷിക്കുന്നത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നേരിട്ട് നിരീക്ഷിച്ചതായും കെ.സി.എൻ.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചോയ് ഹ്യോനില്‍ നിന്നുള്ള രണ്ടാമത്തെ മിസൈൽ പരീക്ഷണമായിരുന്നു ഇത്. നേരത്തെ റഷ്യയും മുത്ബ മുജ്‌തബ ഖാംനഈയെ അഭിനനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. മോസ്കോ തെഹ്‌റാന് നൽകുന്ന പിന്തുണ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ ആവർത്തിക്കുകയും ചെയ്തിരുന്നു. ഇറാനുമായുള്ള ബന്ധത്തിൽ റഷ്യ എന്നും വിശ്വസ്ത പങ്കാളിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

