തോല്‍വിക്ക് പിന്നാലെ ചെന്നൈ സൂപര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്ക് കനത്ത തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് വമ്പന്‍ തുക പിഴ

മുംബൈ: ( 11.04.2021) ഐ പി എല്‍ പതിനാലാം സീസണില്‍ ടീമിന്റെ ആദ്യ മത്സരത്തില്‍ തോല്‍വിക്ക് പിന്നാലെ ചെന്നൈ സൂപെര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്ക് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ ധോണിക്ക് പിഴ ചുമത്തി. ഇത്തവണ ഐപിഎല്ലില്‍ മത്സരത്തിന്റെ ദൈര്‍ഘ്യം ചുരുക്കിയിരുന്നു. അതിനുശേഷം ആദ്യത്തെ നടപടിയാണിത്. 189 റണ്‍സ് എന്ന ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം മൂന്ന് വികെറ്റ് നഷ്ടത്തില്‍ ഡെല്‍ഹി മറിക്കടക്കുകയായിരുന്നു.
നിശ്ചിതസമയത്ത് ഓവര്‍ നിയന്ത്രിക്കാന്‍ ധോണിക്ക് കഴിയാതെ വരികയായിരുന്നു. എന്നാല്‍ സീസണിലെ ആദ്യ വീഴ്ചയായതിനാല്‍ നടപടി പിഴയില്‍ മാത്രമൊതുങ്ങി. സ്റ്റാറ്റര്‍ജിക് ടൈംഔട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കണം എന്നാണ് ഐ പി എല്‍ പതിനാലാം സീസണിലെ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 90 മിനുറ്റിനുള്ളില്‍ 20 ഓവര്‍ ക്വാട പൂര്‍ത്തീകരിക്കണം.എന്നാല്‍ സി എസ് കെ 18.4 ഓവര്‍ എറിയുമ്ബോഴേക്കും ഡെല്‍ഹി ഏഴ് വികെറ്റിന് ജയിച്ചിരുന്നു എന്നതാണ് വസ്തുത. 189 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കിനില്‍ക്കേ റിഷഭ് പന്തും സംഘവും നേടുകയായിരുന്നു. ശിഖര്‍ ധവാന്‍-പൃഥ്വി ഷാ ഓപെണിംഗ് കൂട്ടുകെട്ടാണ് ഡെല്‍ഹി ക്യാപിറ്റല്‍സിന് വിജയത്തുടക്കം നല്‍കിയത്. പവര്‍പ്ലേയില്‍ 65 റണ്‍സ് നേടിയ ഇരുവരും ഒന്നാം വികെറ്റിന് 138 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശിഖര്‍ ധവാന്‍ 54 പന്തില്‍ 85 റണ്‍സും പൃഥ്വി ഷാ 38 പന്തില്‍ 72 റണ്‍സുമെടുത്താണ് പുറത്തായത്.
ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്നയുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ചെന്നൈ 188 റണ്‍സിലെത്തിയത്. റെയ്ന 36 പന്തില്‍ 54 റണ്‍സെടുത്തു. എന്നാല്‍ ഏഴാമനായി ബാറ്റിംഗിന് ഇറങ്ങിയ ധോണി നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി.

