കണ്ണൂരിൽ അമ്മയും മക്കളും മരിച്ചനിലയിൽ, കുട്ടികളെ കിണറ്റിൽ തള്ളിയിട്ടശേഷം യുവതി ചാടിയതെന്ന് നിഗമനം

കണ്ണൂർ: അഴീക്കോട് അമ്മയേയും രണ്ടുമക്കളേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മീൻക്കുന്നിൽ മഠത്തിൽ ഭാമ (44), മക്കളായ ശിവാനന്ദ് (14), അശ്വന്ത് (11) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ രാത്രിമുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു കിണറ്റിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മക്കളെ കിണറ്റിൽ എറിഞ്ഞതിനുശേഷം അമ്മയും കിണറ്റിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. അമ്മ മാനസികവെല്ലുവിളി നേരിടുന്നതായി പോലീസ് പറയുന്നു. ഇതിന് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഇവരോടൊപ്പം ഭർvത്താവ് ഉണ്ടായിരുന്നില്ല. അമ്മയും സഹോദരിയുമായിരുന്നു കൂടെ ഉണ്ടായിരുന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അയൽവാസികളാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളിയായ ഭർത്താവ് രമേഷ് ബാബു ചാലിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)